
മലയാളികൾക്ക് അത്രപെട്ടന്ന് മറക്കാൻ കഴിയാത്ത ഒരു കഥാപാത്രമാണ് ദിലീപ് നായകനായെത്തിയ മീശമാധവൻ എന്ന ചിത്രത്തിലെ പട്ടാളം പുരുഷുവിനെ. ജെയിംസ് ചാക്കോ എന്ന നടനാണ് പുരുഷുവിന്റെ വേഷം ചെയ്തത്. ഇപ്പോഴും സോഷ്യൽമീഡിയയിൽ വൈറലാണ് പട്ടാളം പുരുഷുവിന്റെ കഥാപാത്രം, ഹൃദയാഘാതത്തെ തുടർന്ന് 2007ലാണ് ജെയിംസ് ചാക്കോ മരിച്ചത്. ഇപ്പോഴിതാ താരത്തിന്റെ കുടുംബം ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖമാണ് സിനിമാലോകത്ത് ചർച്ചയാകുന്നത്.
സ്കൂളിൽ പഠിച്ചിരുന്ന സമയത്ത് പട്ടാളം പുരുഷുവിന്റെ പേര് പറഞ്ഞ് സുഹൃത്തുക്കൾ കളിയാക്കുമായിരുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ജെയിംസ് ചാക്കോയുടെ മകൻ ജിക്കു ജെയിംസ്. അച്ഛൻ അഭിനയിച്ച ഒരു കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുന്നത് സന്തോഷമുളള കാര്യമാണെന്നും ജിക്കു പറഞ്ഞു. സോഷ്യൽമീഡിയ കാണുമ്പോഴും കൂടുതൽ സന്തോഷമാണ് തോന്നുന്നതെന്നും മകൻ കൂട്ടിച്ചേർത്തു.
'മീശമാധവനിൽ അഭിനയിക്കാൻ തടി കുറയ്ക്കണമെന്ന് സംവിധായകൻ പറഞ്ഞിരുന്നു. പ്ലസ് ടു പഠിക്കുമ്പോൾ സുഹൃത്തുക്കൾ എന്നെ പുരുഷു എന്നായിരുന്നു വിളിച്ചിരുന്നത്. ഒരു സുഹൃത്ത് പതിവായി പുരുഷു എന്നെ അനുഗ്രഹിക്കണമെന്ന് കളിയാക്കാറുണ്ടായിരുന്നു. ആ കഥാപാത്രത്തിലൂടെ അച്ഛനെ എല്ലാവരും അറിയപ്പെടുന്നത് സന്തോഷമുളള കാര്യമായിരുന്നു. ചെറുപ്പകാലത്ത് സിനിമാമോഹം കയറി ചെന്നൈയിലേക്ക് പോയതാണ് അച്ഛൻ. തുടർന്ന് പ്രൊഡക്ഷൻ കൺട്രോളറായ എ ആർ ഷൺമുഖനുമായി പരിചയത്തിലായി. അങ്ങനെയാണ് സിനിമയിലേക്ക് വന്നത്.
അച്ഛന്റെ മരണം പെട്ടെന്നായിരുന്നു. അപ്പോൾ ഞാൻ ഡിഗ്രിക്ക് പഠിക്കുകയായിരുന്നു. അമ്മയ്ക്ക് ജോലിയുണ്ടായിരുന്നു. പിന്നെ ജീവിതം മുന്നോട്ട് പോയി. അച്ഛൻ അഭിനയിച്ച എല്ലാ കഥാപാത്രങ്ങളും ഇഷ്ടമാണ്. പക്ഷെ ഒരു കഥാപാത്രം കണ്ടപ്പോൾ സങ്കടം വന്നു. യെസ് യുവർ ഓണർ എന്ന ചിത്രത്തിൽ ജഡ്ജിയുടെ മുന്നിൽ നിന്ന് അദ്ദേഹം കരയുന്ന ഒരു സീനുണ്ട്. അത് കണ്ടപ്പോൾ സങ്കടം വന്നു. ഊഹക്കച്ചവടം എന്ന സിനിമയിൽ കളളന്റെ വേഷമാണ് ചെയ്തത്. കുറ്റം തെളിയിക്കുന്നതിന് ബാലചന്ദ്രമേനോൻ അയൺബോക്സ് ചൂടാക്കി ശരീരത്ത് വയ്ക്കുന്ന സീനുണ്ട്.അതൊക്കെ കണ്ടപ്പോൾ സങ്കടം വന്നു.
എനിക്കും അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അച്ഛനോട് ആഗ്രഹം പറഞ്ഞപ്പോൾ ബിരുദം പൂർത്തിയാക്കിയിട്ട് സഹായിക്കാമെന്നായിരുന്നു മറുപടി. പഠനം കഴിഞ്ഞപ്പോഴേയ്ക്കും അച്ഛൻ മരിച്ചിരുന്നു. സിനിമയിലുളള ആരെയും എനിക്കറിയില്ലായിരുന്നു. ശ്രീനിവാസൻ അങ്കിളിനെ അറിയാമായിരുന്നു. അങ്ങനെ അദ്ദേഹത്തെ പോയി കണ്ടു.നാട്ടിലുണ്ടായിരുന്ന സമയത്ത് പലരുമായി അസോസിയേറ്റ് ചെയ്ത് പ്രവർത്തിച്ചിട്ടുണ്ട്. ചാൻസ് ചോദിച്ച് ഒരുപാട് ആളുകളുടെ അടുത്ത് പോയിട്ടുണ്ട്. അച്ഛന്റെ പേര് പറഞ്ഞ് അഭിനയിക്കാനായി പോയിട്ടില്ല- ജിക്കു പറഞ്ഞു.