
കൊല്ലം: സീരിയൽ നടി എംഡിഎംഎയുമായി പിടിയിലായത് വിതരണക്കാരന്റെ കയ്യിൽ നിന്ന് വാങ്ങി മടങ്ങി എത്തിയതിന് പിന്നാലെ. കൊല്ലം ചിറക്കര ഒഴുകുംപാറ ശ്രീനന്ദനത്തിൽ പാർവ്വതി എന്ന് വിളിക്കുന്ന ഷംനത്താണ് അറസ്റ്റിലായത്. തനിക്ക് ഉപയോഗിക്കുന്നതിന് വേണ്ടി കടക്കൽ സ്വദേശി നവാസിൽ നിന്ന് മയക്കുമരുന്ന് വാങ്ങി മടങ്ങിവന്നതായിരുന്നു യുവതി.
നടി ലഹരി ഉപയോഗിക്കുന്നുണ്ടെന്ന വിവരം പരവൂർ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ രാത്രി എട്ട് മണിയോടെ നടിയുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയത്. തുടർന്ന് മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. സമീപവാസികളുടെ സാന്നിദ്ധ്യത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. പൊലീസ് എത്തുന്ന സമയത്ത് യുവതിയുടെ മക്കളും ഭർത്താവും വീട്ടിലുണ്ടായിരുന്നു. മേശയ്ക്കുള്ളിൽ ആറ് കവറുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു 1.94 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തത്.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മയക്കുമരുന്ന് നൽകിയ നവാസിനെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പൊലീസ് ചോദ്യം ചെയ്യലിൽ മൂന്ന് മാസത്തോളമായി ലഹരി ഉപയോഗിക്കാറുണ്ടെന്ന് യുവതി സമ്മതിച്ചു.