k

ഒട്ടേറെ പ്രത്യേകതകൾ ഉള്ള അസാധാരണ വ്യക്തിത്വമാണ് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന സഖാവ് വി.എസ്.

സഖാവ് എന്നു മാത്രം പറഞ്ഞാൽ മലയാളിയുടെ സ്‌മരണയിൽ ഉണരുന്ന പി. കൃഷ്ണപിള്ളയാണ്, ആലപ്പുഴ കയർ ഫാക്ടറി തൊഴിലാളിയായിരുന്ന, കൗമാരം കഴിഞ്ഞ സഖാവ് അച്യുതാനന്ദനെ കുട്ടനാട്ടിൽ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കാൻ ചുമതലപ്പെടുത്തി, വണ്ടിക്കൂലിയും കൊടുത്ത് അങ്ങോട്ട് പറഞ്ഞതുവിട്ടത്. മഹാത്മാ അയ്യൻകാളിയുടെ നേതൃത്വത്തിൽ തിരുവിതാംകൂറിൽ സ്വന്തം മക്കൾക്ക് പഠിക്കാനുള്ള അവകാശം നേടിയെടുക്കാൻ വേണ്ടി കർഷകത്തൊഴിലാളികൾ വയലിൽ പണി നിറുത്തി ഐതിഹാസികമായ സമരം രേഖപ്പെടുത്തിയതിനു ശേഷം ചരിത്രം സൃഷ്ടിച്ചതാണ് കുട്ടനാട്ടിൽ വി.എസിന്റെ നേതൃത്വത്തിൽ അടിമസമാനമായ ജീവിതം നയിച്ചുപോന്ന കർഷകത്തൊഴിലാളികൾ നടത്തിയ സംഘടിത പോരാട്ടങ്ങൾ.

പുന്നപ്ര- വയലാർ സമരത്തിലും യുവാവായ സഖാവ് വി.എസ് പങ്കാളിയായി. ഒളിവിലും ജയിലിലും ലോക്കപ്പിലും സമരനിലങ്ങളിലുമായി വ്യാപിച്ചു, സംഘർഷനിർഭരമായ ആ ജീവിതം. ആ ജീവിതം തന്നെയായിരുന്നു സഖാവിന് സർവകലാശാലാ പഠനം. അക്കാലത്ത് വിവരണാതീതമായ ക്രൂര പീഡനങ്ങൾക്കാണ് സഖാവ് വിധേയനായത്. ആ സാഹചര്യത്തിൽ ഔപചാരികമായ പഠനം സ്‌കൂൾതലത്തിൽ അവസാനിപ്പിച്ച സഖാവ്, മുഖ്യമന്ത്രിയെന്ന നിലയിൽ (2006 - 2011) ഉന്നതോദ്യോഗസ്ഥരുമായി അനായാസം ആശയവിനിമയം നടത്തുന്നതും, മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വങ്ങൾ ഫലപ്രദമായി നിർവഹിക്കുന്നതും ഈ ലേഖകൻ നേരിട്ട് മനസിലാക്കിയിട്ടുള്ളതാണ്. അതു മാത്രമല്ല, കേരളത്തിലെ എക്കാലത്തേയും ഏറ്റവും മികച്ച പ്രതിപക്ഷ നേതാക്കളിൽ ഒരാളായും സഖാവ് നാടിന്റെ മനസിലുണ്ട്.

സമരഭരിതം

ജീവിതം

ചൂഷണം ചെയ്യപ്പെടുന്നവരുടേയും അരികുവൽക്കരിക്കപ്പെടുന്നവരുടേയും ശബ്ദവും പ്രതീക്ഷയുമായി സഖാവ് വി.എസ് ഉയർന്നു.

ഏറ്റവും പ്രചാരമുള്ള ചില മാദ്ധ്യമങ്ങൾ 'വെട്ടിനിരത്തലുകാരൻ" എന്ന് സഖാവിനെ നിസ്സങ്കോചം അധിക്ഷേപിച്ചെങ്കിലും, സാമാന്യ ജനമനസുകളിൽ കമ്മ്യൂണിസ്റ്റ് നേതാവെന്ന നിലയിൽ വി.എസിനെക്കുറിച്ചുള്ള മതിപ്പ് കൂടുതൽ ഉയരുകയാണുണ്ടായത്. പാരിസ്ഥിതിക പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതും നിയമലംഘനങ്ങൾ ചോദ്യം ചെയ്യുന്നതും സഖാവിന്റെ സമരഭരിതമായ ജീവിതത്തിലെ അടിസ്ഥാന സമീപനമാണെന്നു കാണാം. അവിഭക്ത പാർട്ടിയിൽ ശരിയായ രാഷ്ട്രീയ - സൈദ്ധാന്തിക സമീപനങ്ങൾക്കു വേണ്ടിയുള്ള പോരാട്ടത്തിലും അചഞ്ചലമായ തൊഴിലാളിവർഗ വിമോചന കാഴ്ചപ്പാട് സഖാവ് വി.എസ് മുറുകെപ്പിടിച്ചു. ‘തിരുത്തൽ വാദ’ വ്യതിയാനത്തിന് എതിരായി അവിഭക്ത പാർട്ടിയിൽ നടന്ന ആശയസമരത്തിൽ സഖാവ് വി.എസിന്റെ നിലപാട് ചരിത്രത്തിന്റെ ഭാഗമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ (മാർക്സിസ്റ്റ്) രൂപവത്കരിക്കുന്നതിനായി സി.പി.ഐ നാഷണൽ കൗൺസിലിൽ നിന്ന് ധീരമായി ഇറങ്ങിവന്ന നേതാക്കളുടെ കൂട്ടത്തിൽ ഇന്ന് അവശേഷിക്കുന്ന ഏക സഖാവാണ് വി.എസ്.

ഈ ലേഖകൻ പാർട്ടിയുടെ കേരള സംസ്ഥാന കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ സംസ്ഥാന സെക്രട്ടറിയായിരുന്ന സഖാവ് വി.എസിന്റെ മാർഗനിർദ്ദേശങ്ങൾ എന്നും ഓർമ്മിക്കുന്നു. 2006-ലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിൽ സഖാവിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ - സാംസ്കാരിക വകുപ്പുകളുടെ ചുമതല നിർവഹിച്ചപ്പോഴും സഖാവുമായി അടുത്ത് ഇടപഴകുവാൻ വളരെയേറെ അവസരമുണ്ടായി. സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ സംഘർഷാത്മകമായ അന്നത്തെ സവിശേഷ സാഹചര്യം ഒരു പരിധിവരെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രി എന്ന നിലയിൽ സഖാവിന്റെ നേതൃത്വം വളരെ സഹായകമായിരുന്നു.

ചില പ്രധാന വകുപ്പുകളുടെ ചില ഭാഗങ്ങൾ കോടതി ഇടപെടൽ മൂലം ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിലും അന്ന് നിയമസഭ പാസാക്കിയ സ്വാശ്രയ നിയമം ഇതിൽ ഒരു പ്രധാന പങ്കു വഹിച്ചു. പ്രസ്തുത നിയമം, സഭ പാതിരാത്രി വരെ ഇരുന്ന് ചർച്ച ചെയ്താണ് പാസാക്കിയത്. പ്രായാധിക്യം മറന്ന് ക്ഷമാപൂർവം ഈ നടപടിക്രമങ്ങളെല്ലാം പൂർത്തിയാകുന്നതുവരെ സഖാവ് വി.എസ് നിയമസഭയിൽ ഇരിപ്പുണ്ടായിരുന്നു. പ്രസ്തുത നിയമം ഇന്ത്യയിലെ നിയമസഭകളുടെ ചരിത്രത്തിൽത്തന്നെ ആദ്യ മാതൃകയായിരുന്നു. പാതിരാത്രിക്ക് ചർച്ച ഉപസംഹരിച്ചുകൊണ്ട് സഖാവ് വി.എസ് ഒരു ചെറു പ്രസംഗം നടത്തുകയുണ്ടായി.

മലയാള ഭാഷയ്ക്ക് ശ്രേഷ്ഠഭാഷാ പദവി നിഷേധിക്കപ്പെട്ടപ്പോൾ അതിനെതിരായി കേരളത്തിലെ സർവകലാശാലകളേയും സാഹിത്യ അക്കാദമിയേയും സാഹിത്യകാരരേയും ഭാഷാപണ്ഡിതരേയും അണിനിരത്തി ശക്തമായ ഇടപെടലുകൾ നടത്തുവാൻ സഖാവ് വി.എസ് ഉത്സാഹപൂർവം മുന്നിൽനിന്നു. കേരളത്തിന് ഒരു ഐ.ഐ.ടി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി) നേടിയെടുക്കാനായി ഏറ്റവും ശക്തമായ പരിശ്രമം സഖാവിന്റെ നേതൃത്വത്തിൽ നടക്കുകയുണ്ടായി. മൂന്നുതവണ പ്രധാനമന്ത്രിയെ ഇതുസംബന്ധിച്ച പഠന റിപ്പോർട്ടുമായി നേരിട്ടു കണ്ട് ചർച്ച നടത്തി. ലോകത്തിലെ തന്നെ അപൂർവ പഠന കേന്ദ്രങ്ങളിലൊന്നായ ഇന്ത്യൻ സ്പേസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിലെ വലിയമലയിൽ അക്കാലയളവിൽ സ്ഥാപിക്കാൻ കഴിഞ്ഞതിൽ സഖാവിന്റെ നേതൃത്വപരമായ പങ്ക് വളരെ വലുതാണ്. അനീതിക്കെതിരെ നിലയ്ക്കാത്ത പോരാട്ടം നടത്തുന്ന കമ്മ്യൂണിസ്റ്റുകാർക്കും പുരോഗമന വിശ്വാസികൾക്കും പ്രചോദനമായി ഇനിയും ഏറെനാൾ സഖാവ് വി.എസ് നമ്മോടൊപ്പം ഉണ്ടാവണമെന്ന ആഗ്രഹം ജന്മദിനാശംസകളുടെ ഭാഗമായി അറിയിക്കട്ടെ.