
വനിതാ ട്വന്റി-20 ലോകകപ്പ് ഫൈനൽ ഇന്ന്
ദുബായ്: ദക്ഷിണാഫ്രിക്കയോ, ന്യൂസിലാൻഡോ... വനിതാ ട്വന്റി-20 ലോകകപ്പിലെ പുതിയ ചാമ്പ്യന്മാർ ആരെന്ന് ഇന്ന് രാത്രി അറിയാം. ഇന്ത്യൻ സമയം ഇന്ന് രാത്രി7.30 മുതലാണ് ദക്ഷിണാഫ്രിക്കയും മുഖാമുഖം വരുന്ന ഫൈനൽ പോരാട്ടം. സെമി ഫൈനലിൽ തുടർച്ചയായ നാലാം കിരീടം ലക്ഷ്യമിട്ടെത്തി ഓസ്ട്രേലിയയെ 8 വിക്കറ്റിന് കീഴടക്കിയാണ് ദക്ഷിണാഫ്രിക്ക ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. സെമിയിൽ വെസ്റ്റിൻഡീസിനെ 8 റൺസിന് വീഴ്ത്തിയാണ് ന്യൂസിലാൻഡിന്റെ ഫൈനൽ പ്രവേശനം. ന്യൂസിലാൻഡ് ഗ്രൂപ്പ് എയിൽ നിന്നും ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് ബിയിൽ നിന്നും രണ്ടാം സ്ഥാനക്കാരായാണ് സെമിയിൽ എത്തിയത്. ടൂർണമെന്റിൽ ഇതുവരെ മികച്ച പ്രകനം കാഴ്ചവച്ച രണ്ട് ടീമുകളാണ് ഫൈനലിൽ എത്തിയിരിക്കുന്നത്.
തുറുപ്പ് ചീട്ടുകൾ
ദക്ഷിണാഫ്രിക്ക : ലോറ വോൾവാട്ട്, അനേക്കേ ബോഷ്, മരിസന്നെ കാപ്പ്,മ്ലാബ,കോൾ ട്രയോൺ.
ന്യൂസിലാൻഡ്: സോഫി ഡിവൈൻ, എദൻ കാർസൺ, അമേലിയ കർ, സൂസി ബേറ്റ്‌സ്, ഫ്രാൻ ജോൺസ്.
കന്നിക്കിരീടം തേടി
ന്യൂസിലാൻഡ് മൂന്നാ തവണയും ദക്ഷിണാഫ്രിക്ക രണ്ടാം തവണയുമാണ് ഫൈനലിൽ എത്തുന്നത്. രണ്ട് ടീമും കന്നി വനിതാ ട്വന്റി- 20 കിരീടമാണ് ലക്ഷ്യം വയ്ക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ തുടർച്ചയായ രണ്ടാം ഫൈനൽ പ്രവേശനമാണിത്. കഴിഞ്ഞ തവണത്തെ ഫൈനലിൽ ഓസ്ട്രേലിയയോട് 19 റൺസിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ തോൽവി. ഇത്തവണ ഓസീസിനെ സെമിയിൽ തരിപ്പണമാക്കി ആതോൽവിക്ക് പകരം വീട്ടാൻ ദക്ഷിണാഫ്രിക്കയ്ക്കായി. മറുവശത്ത് ന്യൂസിലാൻഡ് 14 വർഷത്തിന് ശേഷമാണ് ഫൈനലിലെത്തുന്നത്. വനിതാ ട്വന്റി-20 ലോകകപ്പിലെ ആദ്യ രണ്ട് എഡിഷനുകളിൽ ഫൈനലിലെത്തിയ ന്യൂസിലാൻഡ് ആദ്യതവണ ഇംഗ്ലണ്ടിനോടും രണ്ടാം തവണ ഓസ്ട്രേലിയയോടും തോൽക്കുകയായിരുന്നു.
ഫൈനലിലെത്തിയ വഴി
ന്യൂസിലാൻഡ്
1. ഇന്ത്യയെ 58 റൺസിന് തോൽപ്പിച്ചു
2.ഓസ്ട്രേലിയയോട് 60 റൺസിന് തോറ്റു
3. ശ്രീലങ്കയെ 8 വിക്കറ്റിന് കീഴടക്കി.
4. പാകിസ്ഥാനെ 54 റൺസിന് തോൽപ്പിച്ചു
സെമി ഫൈനൽ
വെസ്റ്റിൻഡീസിനെ 8 റൺസിന് തോൽപ്പിച്ചു.
ദക്ഷിണാഫ്രിക്ക
1.വെസ്റ്റിൻഡീസിനെ 10 വിക്കറ്റിന് കീഴടക്കി
2.ഇംഗ്ലണ്ടിനോട് 7 വിക്കറ്റിന് തോറ്റു
3.സ്കോട്ട്‌ലാൻഡിനെ 80 റൺസിന് കീഴടക്കി
4.ബംഗ്ലാദേശിനെ 7 വിക്കറ്റിന് കീഴടക്കി
സെമി ഫൈനൽ
ഓസ്ട്രേലിയയെ 8 വിക്കറ്റിന് തോൽപ്പിച്ചു.