
കൽപ്പറ്റ: വയനാട്ടിൽ നിന്ന് ലോക്‌സഭയിലേക്ക് ജനവിധി തേടുന്ന കോൺഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി 23ന് നാമനിർദേശ പത്രിക സമർപ്പിക്കും. വയനാട് മുൻ എംപിയും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയോടൊപ്പം റോഡ്‌ഷോയിൽ പങ്കെടുത്ത ശേഷമാവും വയനാട് കളക്‌ടറേറ്റിലെത്തി പത്രിക സമർപ്പിക്കുകയെന്ന് പാർലമെന്റ് തിരഞ്ഞെടുപ്പ് സമിതി കൺവീനർ എ പി അനിൽ കുമാർ എംഎൽ എ പറഞ്ഞു.
യുപിയിലെ റായ്ബറേലിയിലും വിജയിച്ചപ്പോൾ വയനാട് മണ്ഡലം രാഹുൽ ഗാന്ധി ഒഴിയുകയായിരുന്നു. ഈ സാഹചര്യത്തിലാണ് മണ്ഡലം ഉപതിരഞ്ഞെടുപ്പിലേക്കു നീങ്ങുന്നത്.1991വരെ എല്ലാ തിരഞ്ഞെടുപ്പിലും വയനാട്ടിൽ യുഡിഎഫിന് തന്നെയായിരുന്നു മേൽക്കെ.1996ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതൽ ആ ട്രെൻഡിന് പതിയെ ഇളക്കം തട്ടി. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലം കോൺഗ്രസിനൊപ്പമായിരുന്നു. മണ്ഡല രൂപീകരണത്തിനു ശേഷം ആദ്യമായി നടന്ന 2009ലും തുടർന്നുള്ള രണ്ട് ലോക്‌സസഭാ തിരഞ്ഞെടുപ്പുകളിലും വിജയം യുഡിഎഫിനൊപ്പമായിരുന്നു.
സിപിഐ നേതാവ് സത്യൻ മൊകേരിയാണ് വയനാട് ഇടത് സ്ഥാനാർത്ഥി. ബിജെപി സ്ഥാനാർത്ഥികളായി എ പി അബ്ദുള്ളകുട്ടി, ശോഭാസുരേന്ദ്രൻ തുടങ്ങിയ പേരുകളും പാർട്ടി പരിഗണനയിലുണ്ടെന്നാണ് വിവരം. കഴിഞ്ഞ തവണ പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനായിരുന്നു വയനാട് ബിജെപി സ്ഥാനാർത്ഥി. വയനാട് ലോക്‌സഭാ മണ്ഡലത്തിലും, ചേലക്കര, പാലക്കാട് അസംബ്ളി മണ്ഡലങ്ങളിലും നവംബർ 13നാണ് വോട്ടെടുപ്പ് നടക്കുന്നത്. എല്ലായിടത്തും വോട്ടെണ്ണൽ നവംബർ 23ന് നടക്കും.