new-born

തിരുവനന്തപുരം: തലസ്ഥാനത്ത് നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തിൽ കുഴിച്ചിട്ട നിലയിൽ. പോത്തൻകോട് വാവറയമ്പലത്ത് കന്നുകാലികൾക്കായി വളർത്തുന്ന തീറ്റപ്പുൽ കൃഷിയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. നേപ്പാൾ സ്വദേശിനിയായ അമൃതയാണ് പൂർണ വളർച്ചയെത്താത്ത കുട്ടിയെ പ്രസവത്തിനുശേഷം കുഴിച്ചിട്ടത്.

പ്രസവശേഷം അമിത രക്തസ്രാവത്തെത്തുടർന്ന് എസ് എ ടി ആശുപത്രിയിൽ പ്രവേശിച്ചപ്പോഴായിരുന്നു വിവരം പുറത്തറിയുന്നത്. എസ് എ ടി ആശുപത്രിയിലെ ഡോക്‌ടർമാർ പോത്തൻകോട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസും പോത്തൻകോട് പഞ്ചായത്ത് അധികൃതരും ഫോറൻസിക് വിദഗ്ധരും ചേർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുക്കുന്നത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് പ്രസവിച്ചതെന്നാണ് യുവതി മൊഴി നൽകിയത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.