chaja

റായ്‌പൂർ: ഛത്തീസ്ഗഢിലെ നാരായണപൂരിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐ.ഇ.ഡി പൊട്ടിത്തെറിച്ച് രണ്ട് ജവാന്മാർക്ക് വീരമൃത്യു. രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. ഇന്തോ- ടിബറ്റൻ ബോർഡർ പൊലീസ് (ഐ.ടി.ബി.പി)​ 53-ാംബറ്റാലിയനിലുള്ള മഹാരാഷ്ട്ര സ്വദേശി അമർ പൻവാർ (36), കർണാടക സ്വദേശി കെ രാജേഷ് (36) എന്നിവരാണ് വീരമൃത്യു വരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12ഓടെ അബുജ്മദ് മേഖലയിലെ കോഡ്ലിയാർ ഗ്രാമത്തിന് സമീപമായിരുന്നു സംഭവം. മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനുശേഷം ഐ.ടി.ബി.പി, ബി.എസ്.എഫ്, ഡിസ്ട്രിക്ട് റിസർവ് ഗാർഡ്,​ പൊലീസ് സംഘങ്ങൾ മടങ്ങുമ്പോൾ ഐ.ഇ.ഡി പൊട്ടിത്തെറിക്കുകയായിരുന്നു.

ചികിത്സയ്ക്കിടെയാണ് ജവാന്മാർക്ക് വീരമൃത്യു സംഭവിച്ചത്. പ്രദേശത്ത് തെരച്ചിൽ ശക്തമാക്കി.

ഒരാഴ്‌ച മുമ്പ് അബുജ്മദ് മേഖലയിൽ സുരക്ഷാ സേന നടത്തിയ വൻ ഓപ്പറേഷനിൽ 38 മാവോയിസ്റ്റുകളെ വധിച്ചിരുന്നു.