
മലപ്പുറം: എല്ലാ ഗ്രാമീണവീടുകളിലും കുടിവെള്ള കണക്‌ഷൻ നൽകുന്ന ജൽജീവൻ മിഷനിൽ 3,370 കോടി രൂപ കുടിശികയായതോടെ കരാറുകാർ പ്രവൃത്തികൾ ഏറ്റെടുക്കുന്നില്ല. 2025 മാർച്ചിനകം 54.45 ലക്ഷം വീടുകളിൽ കണക്‌ഷൻ നൽകേണ്ടതാണ്. നൽകിയത് 20.39 ലക്ഷം മാത്രം. (37.45%). എല്ലാ വീടുകളിലും കണക്‌ഷൻ 90 പഞ്ചായത്തുകളിൽ മാത്രം. സർക്കാർ അടിയന്തര നടപടിയെടുത്തില്ലെങ്കിൽ കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള പദ്ധതി വെള്ളത്തിലാവും. 2024 മാർച്ചിൽ പൂർത്തിയാക്കേണ്ട പദ്ധതി പലകാരണങ്ങളാൽ നീട്ടിയതാണ്. കൊല്ലവും തിരുവനന്തപുരവും ഒഴികെയുള്ള ജില്ലകളിൽ പണി പകുതി പോലും ആയിട്ടില്ല.
ചെലവ് കേന്ദ്രവും സംസ്ഥാനവും തുല്യമായാണ് വഹിക്കുന്നത്. ഈ സാമ്പത്തിക വർഷം കേന്ദ്രം 1,949 കോടി വകയിരുത്തി. 975 കോടി അനുവദിച്ചു. സംസ്ഥാന സർക്കാർ 550 കോടിയേ വകയിരുത്തിയിട്ടുള്ളൂ. ഇത് കുടിശിക തീർക്കാൻ പോലും തികയില്ല.
കുടിശിക കൂടുതലുള്ള ജില്ലകൾ
(തുക കോടിയിൽ)
മലപ്പുറം, കോഴിക്കോട് 1,175
പാലക്കാട് - 330.61
തൃശൂർ - 251.67
കോട്ടയം- 234.98
വയനാട് - 235.53
തിരുവനന്തപുരം - 190.71
ഇടുക്കി - 189.46
പത്തനംതിട്ട -185.97
പദ്ധതി നടപ്പായത്
കൊല്ലം 65.72%
തിരുവനന്തപുരം 52.68%
ഇടുക്കി 15.99%
കാസർകോട് 17.99%
വയനാട് 18.42%
കോഴിക്കോട് 21.76%
തൃശൂർ 29.14%
വൈകാൻ മറ്റ് കാരണങ്ങളും
1.ഫണ്ട് ലഭ്യതക്കുറവ്
2.ജലസംഭരണികൾക്ക് ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസം
3.പൈപ്പിടാൻ വകുപ്പുകളുടെ അനുമതി നീളുന്നു
ആകെ ചെലവ് : 44,714 കോടി
ചെലവാക്കിയത്: 10,363.54 കോടി
ലഭിച്ച കേന്ദ്ര വിഹിതം: 5610.33 കോടി
സംസ്ഥാന വിഹിതം: 5,152.50 കോടി