kannada

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരേ സമൂഹ മാദ്ധ്യമങ്ങളിൽ വിവാദ പോസ്റ്റ് പ്രചരിപ്പിച്ച ഒഡീഷ സിനിമാതാരം ബുദ്ധാദിത്യ മൊഹന്തിക്കെതിരെ കേസ്. നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഒഫ് ഇന്ത്യ (എൻ.എസ്.യു.ഐ) നൽകിയ പരാതിയിലാണ് നടപടി. മഹാരാഷ്ട്ര മുൻ മന്ത്രിയും എൻ.സി.പി നേതാവുമായ ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന് ശേഷം അധോലോക നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ അടുത്ത ലക്ഷ്യം കോൺഗ്രസ് എം.പി. രാഹുൽ ഗാന്ധിയായിരിക്കണമെന്നായിരുന്നു പോസ്റ്റ്. വിവാദമായതോടെ നടൻ പോസ്റ്റ് പിൻവലിച്ച് മാപ്പ് പറഞ്ഞെങ്കിലും രാജ്യവ്യാപകമായി പ്രതിഷേധമുണ്ടായി.

ഞങ്ങളുടെ നേതാവിനെതിരെയുള്ള ഇത്തരം പരാമർശങ്ങൾ ക്ഷമിക്കാൻ സാധിക്കില്ലെന്ന് എൻ.എസ്.യു.ഐ ഒഡീഷ സംസ്ഥാന പ്രസിഡന്റ് ഉദിത് പ്രധാൻ പ്രതികരിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.