a

ന്യൂഡൽഹി : അങ്കമാലി - ശബരിമല പാതയുടെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകാത്തത് സംസ്ഥാന സർക്കാരിന്റെ നിസഹകരണം കാരണമെന്ന് കേന്ദ്രസർക്കാർ. കേരളത്തിന്റെ റെയിൽവേ വികസനത്തിന് കൂടുതൽ ഫണ്ട് അനുവദിക്കണമെന്ന് ഓഗസ്റ്റ് രണ്ടിന് ഹാരീസ് ബീരാൻ എം.പി രാജ്യസഭയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് റെയിൽവേ സഹമന്ത്രി രവ്നീത് സിംഗ് നൽകിയ മറുപടിയിലാണ് കേരളത്തിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയത്.

1997-98ലാണ് എരുമേലി വഴിയുള്ള അങ്കമാലി - ശബരിമല പാത പദ്ധതിക്ക് അംഗീകാരം നൽകിയത്. അങ്കമാലി -കാലടി ഏഴു കിലോമീറ്രർ, കാലടി - പെരുമ്പാവൂർ 10 കിലോമീറ്റർ ജോലികൾ ഏറ്റെടുത്തിരുന്നു. ഭൂമിഏറ്റെടുക്കലിനെതിരായ സമരവും, കേസുകളും, സംസ്ഥാന സർക്കാരിന്റെ നിസഹകരണവും കാരണം പ്രവർത്തനങ്ങൾ മുന്നോട്ടു പോയില്ല. ഇതിനിടെ, പദ്ധതി ചെലവ് 3726.95 കോടിയായി പരിഷ്ക്കരിച്ച് കേരള റെയിൽ വികസന കോർപറേഷൻ 2023 ഡിസംബർ 15ന് സംസ്ഥാന സർക്കാരിന് സമർപ്പിച്ചിരുന്നു. എസ്റ്റിമേറ്റ് അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടു. പദ്ധതി ചെലവ് പങ്കിടാമെന്നും അറിയിച്ചു. എന്നാൽ, സംസ്ഥാന സർക്കാർ ഇതുവരെ നിലപാട് അറിയിച്ചിട്ടില്ല.

ചെങ്ങന്നൂർ - പമ്പ 75 കിലോമീറ്റർ റെയിൽപാതയുടെ സാദ്ധ്യതാ സർവേ നടക്കുന്നുവെന്നും റെയിൽവേ സഹമന്ത്രി അറിയിച്ചു. വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാനാണിത്.