police

തിരുവനന്തപുരം: തലസ്ഥാനത്ത് നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പൊലീസ്. കുഞ്ഞിന്റെ മരണം കൊലപാതകമല്ലെന്നാണ് പൊലീസ് അറിയിച്ചത്. പോത്തൻകോട് വാവറയമ്പലത്ത് കന്നുകാലികൾക്കായി വളർത്തുന്ന തീറ്റപ്പുൽ കൃഷിയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. നേപ്പാൾ സ്വദേശിനിയാണ് പൂർണ വളർച്ചയെത്താത്ത കുട്ടിയെ പ്രസവത്തിനുശേഷം കുഴിച്ചിട്ടത്.

യുവതി കുഞ്ഞിനെ മാസം തികയാതെയാണ് പ്രസവിച്ചതെന്നും പ്രസവത്തിൽ തന്നെ കുഞ്ഞ് മരിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. അ‌ഞ്ചര മാസം ഗർഭിണിയായിരിക്കെയാണ് യുവതി കുഞ്ഞിനെ പ്രസവിച്ചത്. തുടർന്ന് മാതാപിതാക്കൾ ആചാരപ്രകാരം മൃതദേഹം കുഴിച്ചിടുകയായിരുന്നു. കുഞ്ഞ് മരിച്ച വിവരം പൊലീസിനെ അറിയിക്കാതെ കുഴിച്ചിട്ടത് അജ്ഞാത മൂലമാണ്. സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കേസ് എടുക്കില്ലെന്നും പൊലീസ് വ്യക്തമാക്കി.

ആഴ്ചകൾക്ക് മുൻപാണ് ജോലി അന്വേഷിച്ച് ഗർഭിണിയായ അമൃതയും ഭർത്താവ് ഗണേശും തിരുവനന്തപുരത്ത് എത്തിയത്.പ്രസവശേഷം അമിത രക്തസ്രാവത്തെ തുടർന്ന് എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. എസ്.എ.ടി ആശുപത്രിയിലെ ഡോക്ടർമാർ ഉടൻ പോത്തൻകോട് പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് പോത്തൻകോട് പൊലീസും പോത്തൻകോട് ഗ്രാമപഞ്ചായത്ത് അധികൃതരും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം പുറത്തെടുത്തു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് പ്രസവിച്ചതെന്നാണ് യുവതി മൊഴി നൽകിയത്. മറ്റു നിയമപ്രശ്നങ്ങളില്ലെങ്കിൽ, സംഭവത്തിന് പിന്നിൽ ദുരൂഹതയുണ്ടോയെന്ന് മാത്രമാണ് പൊലീസ് അന്വേഷിക്കുക.

നേപ്പാളിലെ ആചാരപ്രകാരം ചാപിള്ള പിറന്നാൽ ഉടൻ ആചാര പ്രകാരം കുഴിച്ചിടണമെന്നതിനാൽ

ഫാമിലെ തീറ്റപ്പുൽ കൃഷിയിടത്തിൽ അടക്കം ചെയ്ത ശേഷം അതിന് മുകളിൽ നാണയവും വച്ചു. ഫോറൻസിക് പരിശോധനയിൽ ചാപിള്ളയാണെന്ന് വ്യക്തമായി.