
ഇരിട്ടി: വ്യാപാര സ്ഥാപനത്തിൽ നിന്ന് രണ്ടു ലക്ഷത്തോളം രൂപ കവർന്നു. പുതിയ ബസ് സ്റ്റാൻഡിലെ പരാഗ് ഫാഷൻ കടയിലാണ് മോഷണം നടന്നത്. തുണിക്കടയുടെ പുറകുവശത്തെ ഭിത്തിയിലുണ്ടായിരുന്ന എക്സോസ്റ്റർ ഫാൻ ഇളക്കി മാറ്റി ആ ദ്വാരത്തിലൂടെയാണ് മോഷ്ടാവ് അകത്ത് കടന്നത്. മേശയിൽ സൂക്ഷിച്ചതായിരുന്നു പണം. രാവിലെ കട തുറന്നതിനു ശേഷമാണ് മോഷണം ശ്രദ്ധയിൽ പെടുന്നത്. ഉടനെ ഇരിട്ടി പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഇരിട്ടി എസ്.എച്ച്.ഒ.എ.കുട്ടികൃഷ്ണന്റെ നേതൃത്വതിലുള്ള പൊലീസ് സംഘം കടയിൽ എത്തി പരിശോധന നടത്തി. കടയിൽ നിന്നും മറ്റൊരു കടയിൽ നിന്നും മോഷ്ടാവിന്റെ സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചു. ഇതിൽ കടയിൽ മോഷണം നടത്തി മോഷ്ടാവ് റോഡ് വഴി പോകുന്ന ദൃശ്യം ലഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ദ്ധരും കടയിൽ പരിശോധന നടത്തി. മോഷ്ടാവിനെ കുറിച്ച് പൊലീസിന് ചില സൂചന ലഭിച്ചിട്ടുണ്ട്.