
തൃശൂർ : പീച്ചി കൊമ്പഴയിലെ ചായക്കടയിൽ ചായക്കടക്കാരനായ വാണിയമ്പാറ സ്വദേശിയെ ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏൽപ്പിച്ച കേസിലെ പ്രതികളിൽ ഒരാൾ കൂടി പിടിയിൽ. പീച്ചി അമ്പലക്കുന്ന് സ്വദേശിയായ ഇരുമ്പുവളപ്പിൽ വീട്ടിൽ ധനേഷിനെയാണ് (34) പീച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലായ് ഏഴിന് ഉച്ചയ്ക്കായിരുന്നു സംഭവം. ഓട്ടോയിലെത്തിയ മൂന്നുപേർ പരാതിക്കാരന്റെ ചായക്കടയിലേക്ക് വന്ന് സിഗരറ്റ് ചോദിക്കുകയും കൊടുക്കാൻ വൈകിയതിൽ ചായക്കടക്കാരനുമായി വഴക്കുണ്ടാകുകയും ചെയ്തിരുന്നു. പിന്നീട് ഉച്ചയ്ക്ക് എട്ടോളം പേർ ചേർന്ന് ഓട്ടോയിലും കാറിലുമെത്തി കടയ്ക്കുള്ളിൽ അതിക്രമിച്ച് കയറി ചായക്കടക്കാരനെ അസഭ്യം പറഞ്ഞും ഭീഷണിപെടുത്തിയും ദേഹോപദ്രവം ഏൽപ്പിച്ചു. കട അടിച്ചുതകർത്ത് അരലക്ഷം രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചത്. പതിനൊന്നോളം പ്രതികളാണ് കേസിലുള്ളത്. ധനേഷിന് പീച്ചി പൊലീസ് സ്റ്റേഷനിൽ ഏഴോളം കേസും, മണ്ണുത്തി കൊടകര, വടക്കാഞ്ചേരി, ഒല്ലൂർ, എന്നീ സ്റ്റേഷനിൽ ഓരോ കേസും നിലവിലുണ്ട്. അന്വേഷണസംഘത്തിൽ ഇൻസ്‌പെക്ടർ അജിത് കുമാർ, സബ് ഇൻസ്‌പെക്ടർ മുരളി, സിവിൽ പൊലീസ് ഓഫീസർമാരായ ഷിനോജ്, ദിലീപ്, നിധീഷ്, വിപിൻ എന്നിവരാണുണ്ടായിരുന്നത്.