
തിരുവനന്തപുരം: വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പു പ്രവർത്തനം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ശക്തമാക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനം. പാർട്ടി സെക്രട്ടേറിയറ്റ് അംഗങ്ങൾ പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ പൂർണസമയ പ്രവർത്തകരാകും. സെക്രട്ടേറിയറ്റ് അംഗങ്ങൾക്കു ബൂത്തുകളുടെ ചുമതലയും നൽകി. പാലക്കാട് പി.സരിന്റെ സ്ഥാനാർത്ഥിത്വം ഗുണം ചെയ്യുമെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ. വ്യക്തിപരമായി ലഭിക്കുന്ന വോട്ടുകൾ, യുവവോട്ടുകളുടെ സമാഹരണം, കോൺഗ്രസിലെ അതൃപ്തിയുള്ളവരുടെ വോട്ടുകൾ എന്നിവ പാർട്ടിക്ക് അനുകൂല ഘടകമാവുമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.