
കണ്ണൂർ : എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ റവന്യുവകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. ലാൻഡ് റവന്യുജോയിന്റ് കമ്മിഷണർ എ. ഗീത കണ്ണൂർ കളക്ടറേറ്റിലെത്തി കളക്ടർ അരുൺ വിജയന്റെ മൊഴിയെടുത്തു. മരണത്തിൽ കളക്ടർക്കെതിരെ ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് തുടർ അന്വേഷണത്തിനായി എ. ഗീതയെ ചുമതലപ്പെടുത്തിയത്.
സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത് കളക്ടറാണ്. പെട്രോൾ പമ്പ് എൻ.ഒ.സിയുമായി ബന്ധപ്പെട്ട ഫയൽനീക്കം ഗീത പരിശോധിച്ചു. എ.ഡി.എമ്മിന്റെ ഓഫിസിലെ ഉദ്യോഗസ്ഥരുടെയും പരാതിക്കാരൻ പ്രശാന്തന്റെയും  മൊഴി രേഖപ്പെടുത്തി. മൊഴിയെടുക്കാനായി പ്രശാന്തനെ കളക്ടറേറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അടുത്ത ദിവസവും തെളിവ് ശേഖരിക്കൽ തുടരും. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് എ. ഗീത അറിയിച്ചു.
അതേസമയം, എഡിഎമ്മിന്റെ മരണത്തിൽ ആരോപണവിധേയയായ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ മൊഴിയെടുക്കാൻ സാവകാശം തേടി. എത്ര പേരുടെ മൊഴിയെടുത്തെന്ന് ഇപ്പോൾ പറയാനാവില്ലെന്നും എല്ലാം വിശദമായി റിപ്പോർട്ടിൽ വ്യക്തമാക്കുമെന്നും എ. ഗീത പറഞ്ഞു. ആവശ്യമെങ്കിൽ വീണ്ടും മൊഴിയെടുക്കുമെന്നും ഉദ്യോഗസ്ഥ അറയിച്ചു.