arrested

കുണ്ടറ: കാപ്പ കേസിൽ തടങ്കലിന് ഉത്തരവായ പ്രതിയെ പിടികൂടാൻ പോയ എസ് ഐയെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പടപ്പക്കര ലൈവി ഭവനിൽ ആന്റണി ദാസ് (29) ആണ് കുണ്ടറ പൊലീസി​ന്റെ പിടിയിലായത്. 16ന് രാത്രി 7.45ന് പടപ്പക്കര വാളത്തി പൊയ്‌കയിൽ ആയി​രുന്നു സംഭവം. കാപ്പ കേസിൽ കളക്ടർ തടങ്കലിന് ഉത്തരവിട്ട പ്രതിയായ ആന്റണി ദാസിനെ പിടിക്കാൻ മഫ്തിയിൽ പോയ കുണ്ടറ എസ്.ഐ പി.കെ. പ്രദീപ്, സി.പി.ഒ എസ്. ശ്രീജിത്ത് എന്നിവർക്കാണ് ആക്രമണത്തിൽ പരി​ക്കേറ്റത്.

പൊലീസ് സംഘത്തെ ആന്റണി ദാസ്, അജോ, കണ്ടാൽ അറിയുന്ന മറ്റ് രണ്ട് പേർ എന്നി​വർ ചേർന്ന് ആക്രമിക്കുകയായിരുന്നു. പ്രതികൾ എസ്.ഐ പ്രദീപിന് നേരെ നിരവധി തവണ വാൾ വീശിയും കാറിന്റെ മുൻവശത്തെ ചില്ല് കഠാര, വടിവാൾ എന്നിവ കൊണ്ട് കുത്തിപ്പൊട്ടിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. എസ്.ഐ പ്രദീപ് സാഹസി​കമായി നേരിട്ട പ്രതിയെ ശാസ്താംകോട്ട ഡവൈ.എസ്‌.പി ജെലീൽ തോട്ടത്തിൽ, കുണ്ടറ എസ്.എച്ച്.ഒ അനിൽകുമാർ, എസ്.ഐ ശ്യാമകുമാരി എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സംഘം സ്ഥലത്തെത്തിയാണ് പിടികൂടിയത്. അജോയും മറ്റു പ്രതികളും രക്ഷപ്പെട്ടു. ആക്രമണത്തിൽ എസ് ഐ പ്രദീപിന്റെ വലത് കൈക്കും മുഖത്തും വെട്ടേറ്റു. സാരമായി പരിക്കേറ്റ ശ്രീജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. പ്രതിയെ റിമാൻഡ് ചെയ്തു.