കൊട്ടാരക്കര: പുത്തൂർ വല്ലഭൻകരയിലെ ചെറിയ ഷെഡിനുള്ളിൽ രണ്ട് മരണങ്ങൾക്കിടയാക്കിയത് എന്തെന്ന ചോദ്യത്തിന് പൊലീസിനും ഉത്തരം കിട്ടുന്നില്ല. കൈയ്ക്കും കാലിനും ഉടലിനും കഴുത്തിലും തലയിലുമടക്കം തലങ്ങും വിലങ്ങും കൊടുവാളിന് വെട്ടേറ്റാണ് ഷാലു (26) കൊല്ലപ്പെട്ടത്. ചോരയിൽ കുതിർന്ന് ഷാലു പിടയുമ്പോൾ അതേ ഒറ്റമുറി ഷെഡിൽ ലാലുമോൻ (38) തൂങ്ങി​ മരിക്കുകയായിരുന്നു. ഷെഡിന്റെ മേൽക്കൂരയുടെ പൈപ്പിൽ തുണിചുറ്റി കഴുത്തിൽ മുറുക്കിയാണ് ലാലു ജീവനൊടുക്കിയത്. ഷാലു എപ്പോഴാണ് ഈ വീട്ടിലേക്ക് എത്തിയതെന്നോ, കൊലപാതകത്തിലേക്ക് നയിച്ചതെന്തെന്നോ ഇപ്പോഴും ആർക്കും പിടികിട്ടുന്നുമില്ല.

പുത്തൂർ ചന്തയിലെ ലോട്ടറി വില്പനക്കാരനായിരുന്നു മുൻപ് ലാലുമോൻ. ഈ സമയത്താണ് ഷാലുവുമായി അടുപ്പത്തിലായത്. ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ കടുത്ത എതിർപ്പുകളുണ്ടായി. രണ്ട് സമുദായത്തിൽപ്പെട്ടവരാണ്. ലാലുമോന്റെ മദ്യപാന ശീലവും മറ്റ് അക്രമ വാസനകളും ഷാലുവിന്റെ വീട്ടുകാർക്ക് അവമതിപ്പ് ഉണ്ടാക്കി. രണ്ട് വർഷം മുൻപ് പ്രവാസിയായ യുവാവുമായി ഷാലുവിന്റെ വിവാഹം നടന്നു. അപ്പോഴും ലാലുവുമായുള്ള ബന്ധം തുടർന്നിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതിനിടയിൽ റബ്ബർ തോട്ടത്തിൽ തന്നെ കെട്ടിയിട്ടെന്ന ഷാലുവിന്റെ പരാതിയിൽ ലാലുമോനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭർതൃഗൃഹത്തിൽ അക്രമത്തിനെത്തിയെന്ന പരാതിയും കൂട്ടി​ച്ചേർത്ത് അന്ന് റിമാൻഡ് ചെയ്തു. ജയിലിൽ നിന്ന് ഇറങ്ങിയ ലാലുമോൻ പാവുമ്പയിൽ സഹോദരിയുടെ വീട്ടിലാണ് പിന്നീട് താമസിച്ചുവന്നത്. ഷാലു പാവുമ്പയിലെ വീട്ടിലും എത്താൻ തുടങ്ങിയതോടെ സഹോദരിയും കുടുംബവും ധർമ്മസങ്കടത്തിലായി. തുടർന്ന് പുത്തൂർ വല്ലഭൻകരയിലെ മൂന്ന് സെന്റ് ഭൂമിയിൽ ചെറിയൊരു ഷെഡ് നിർമ്മിച്ച് ലാലുവിന് താമസിക്കാൻ നൽകി. ഇവിടെയും ഷാലു മിക്കപ്പോഴും എത്താറുണ്ടായിരുന്നു. ഇന്നലെ രാവിലെ ഇവിടേക്ക് എത്തിയ ഷാലുവിനെ എന്തിനാണ് ലാലുമോൻ കൊലപ്പെടുത്തിയതെന്ന കാര്യത്തിലാണ് വ്യക്തത വരാനുള്ളത്.

നിലവിളി, നാട്ടുകാർ ഓടിക്കൂടി

ലാലുമോൻ താമസിക്കുന്ന ഷെഡിൽ നിന്നു രാവിലെ പതിനൊന്നരയോടെ ഉച്ചത്തിലുള്ള നിലവിളി കേട്ടാണ് അയൽക്കാരടക്കം ഓടിക്കൂടിയത്. പിൻവാതിൽ തുറന്നുകിടന്നു. ഇതുവഴി അകത്തേക്ക് കടന്നപ്പോഴാണ് തറയിൽ രക്തത്തിൽ കുളിച്ച നിലയിൽ പിടയ്ക്കുന്ന ഷാലുവിനെ കണ്ടെത്തിയത്. മുറിയിൽത്തന്നെ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ ലാലുമോനെയും കണ്ടെത്തി. ആശുപത്രിയിലെത്തിച്ചശേഷമാണ് ഷാലുവിന്റെ ജീവൻ നഷ്ടപ്പെട്ടത്. ഓർക്കാപ്പുറത്തുണ്ടായ കൊലപാതകവും തൂങ്ങിമരണവും ഉൾക്കൊള്ളാനാകാതെ നാട്ടുകാർ ആശങ്കയിലായി. ശാസ്താംകോട്ട ഡിവൈ.എസ്.പിയും പുത്തൂർ പൊലീസുമെത്തി കൂടുതൽ തെളിവെടുപ്പ് നടത്തി.