
സ്വന്തമായി ഒരു വീട് എന്നത് ഏവരുടെയും സ്വപ്നമാണ്. ഭൂമി വിലയും നിർമ്മാണ സാധനങ്ങളുടെയും വില പ്രതിദിനം വർദ്ധിക്കുന്ന ഇക്കാലത്ത് വീട് വയ്ക്കാൻ ലക്ഷങ്ങൾ വേണ്ടി വരും. ഈ അവസരത്തിൽ ഒരു വീട്ടുജോലിക്കാരി വീട് സ്വന്തമാക്കിയ അനുഭവം പങ്കുവയ്ക്കുകയാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ അനീഷ് ഭഗവത്. ഒറ്റ രൂപ ലോൺ ഇല്ലാതെയാണ് ഇവർ വീട് വാങ്ങിയതെന്നും യുവാവ് വെളിപ്പെടുത്തുന്നു. അത് എങ്ങനെയാണ് സാധിച്ചതെന്നും അനീഷ് പങ്കുവച്ച വീഡിയോയിൽ പറയുന്നു.
രേഷ്മാ ദീ ലോണൊന്നുമില്ലാതെയാണ് വീട് വാങ്ങിയതെന്ന് അനീഷ് പറഞ്ഞു. ഒരു ഹോം ടൂറും രേഷ്മാ ദീ നടത്തുന്നുണ്ട് ഇതിനൊപ്പം ഗൃഹപ്രവേശന ചടങ്ങിലെ ദൃശ്യങ്ങളും വീഡിയോയിൽ കാണാം. കണ്ടന്റ് ക്രിയേഷനിലൂടെയാണ് വീട് വാങ്ങാനുള്ള പണം രേഷ്മാ ദി കണ്ടെത്തിയതെന്ന് അനീഷ് വ്യക്തമാക്കുന്നു. സ്വന്തം കാലിൽ നിൽക്കാനുള്ള ആഗ്രഹത്തെ കുറിച്ച് ഒന്നരവർഷം മുൻപ് അവർ പറഞ്ഞിരുന്നതായി അനീഷ് ചൂണ്ടിക്കാട്ടി. അതിനാൽ തന്റെ കണ്ടന്റുകളിൽ രേഷ്മാ ദീയെയും ഉൾപ്പെടുത്താൻ ശ്രമിച്ചിരുന്നതായി അനീഷ് പറഞ്ഞു. അതിൽ നിന്നും ഒരു ഭാഗം ഈ വീടിന് വേണ്ടിയാണ് മാറ്റിവച്ചിരുന്നത്. അതിലൂടെ തന്റെ സ്വപ്നം രേഷ്മാ ദീ സാദ്ധ്യമാക്കിയെന്നും അനീഷ് ഭഗവത് പറഞ്ഞു.