
ജയ്‌പൂർ: രാജസ്ഥാനിൽ ബസ് അപകടത്തിൽ 12 മരണം. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ ദോൽപൂരിന് സമീപം സുനിപൂർ ദേശീയ ഹൈവേയിലാണ് അപകടമുണ്ടായത്. സ്ളീപ്പർ കോച്ച് ബസ് ടെമ്പോ വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. മരണപ്പെട്ടവരിൽ എട്ട് കുട്ടികളും ഉൾപ്പെടുന്നു.
ബരോലി ഗ്രാമത്തിലെ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയവരാണ് ടെമ്പോയിലുണ്ടായിരുന്നത്. മരിച്ചവരിൽ അഞ്ച് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും രണ്ട് സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടുന്നു. ബാദി നഗരവാസികളാണ് മരണപ്പെട്ടവരെന്നാണ് റിപ്പോർട്ട്.
അപകടസമയത്ത് പ്രദേശത്തുണ്ടായിരുന്നവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തിയാണ് അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണ്. മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ ബാരി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. അപകടത്തിൽപ്പെട്ട ബസും ടെമ്പോയും പൊലീസ് കസ്റ്റഡിയിലെടുത്തു.