
കയ്റോ: ഗിസയിലെ പിരമിഡിന് മുകളിൽ ചുറ്റിത്തിരിയുന്ന നായയുടെ വീഡിയോ വൈറലാകുന്നു. മേഖലയിൽ പാരാഗ്ലൈഡിംഗ് നടത്തുകയായിരുന്ന മാർഷൽ മോഷർ എന്ന അമേരിക്കക്കാരൻ ആണ് വിചിത്ര വീഡിയോ പകർത്തിയത്. ഇത്രയും ഉയരത്തിൽ നായ എങ്ങനെ കയറിപ്പറ്റി എന്നത് ഏവരെയും കുഴപ്പിക്കുന്നു.
മാർഷൽ ഈ മാസം 14ന് സൂര്യോദയത്തിന് പിന്നാലെയാണ് 448 അടി ഉയരമുള്ള ഗിസയിലെ ഖാഫ്രെ പിരമിഡിന് മുകളിലൂടെ പാരാഗ്ലൈഡിംഗ് നടത്തിയത്. മാർഷൽ പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ട് വൈറലായി. മേഖലയിലുണ്ടായിരുന്ന മറ്റ് പാരാഗ്ലൈഡർമാരും നായയെ കണ്ടിരുന്നു. നായ സ്വയം പിരമിഡിൽ നിന്ന് താഴെ ഇറങ്ങിയെന്നാണ് വിവരം. നായ പ്രത്യക്ഷപ്പെട്ടത് ഗ്രേറ്റ് പിരമിഡിന് മുകളിലെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ തൊട്ടടുത്തുള്ള ഖാഫ്രെ പിരമിഡിലാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു.
ഈജിപ്റ്റിന്റെ തലസ്ഥാനമായ കയ്റോയ്ക്ക് സമീപം പടിഞ്ഞാറൻ മരുഭൂമിയിൽ തലയുയർത്തി നിൽക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പിരമിഡാണ് ഗിസയിലെ ഗ്രേറ്റ് പിരമിഡ്. ഗിസ നെക്രോപൊലിസിലെ ഏറ്റവും ആകർഷകവും പ്രശസ്തവുമായ സ്മാരകങ്ങളിൽ ഒന്നാണ് ഗ്രേറ്റ് പിരമിഡ്. മറ്റൊരു പിരമിഡ് കൂടി ഗ്രേറ്റ് പിരമിഡിനും ഖാഫ്രെ പിരമിഡിനോടും ചേർന്നുണ്ട്. ബി.സി 2570ലാണ് ഗിസയിലെ ഗ്രേറ്റ് പിരമിഡിന്റെ നിർമ്മാണം ആരംഭിച്ചത്. ഏകദേശം 27 വർഷത്തിലേറെ ഈ പിരമിഡിന്റെ നിർമ്മാണത്തിന് വേണ്ടി വന്നതായി ചരിത്രകാരൻമാർ പറയുന്നു.
പുരാതന ലോകാത്ഭുതങ്ങളിൽ ഒന്നായ ഗിസ പിരമിഡിന്റെ നിർമ്മാണവും അതിനുള്ളിൽ നിന്ന് ലഭിച്ച അമൂല്യ വസ്തുക്കളും ഇന്നും ശാസ്ത്രലോകത്തിന് ഒരു അത്ഭുതമാണ്. ഈജിപ്റ്റിലെ നാലാം രാജവംശത്തിലെ ഭരണാധികാരിയായിരുന്ന ഖുഫുവിന്റെ സ്മാരകമായാണ് 454 അടി ഉയരമുള്ള ഗ്രേറ്റ് പിരമിഡ് നിർമ്മിച്ചത്. അതേ സമയം, ബി.സി 2558−2532 കാലയളവിൽ ഈജിപ്റ്റ് ഭരിച്ചിരുന്ന നാലാം രാജവംശത്തിലെ ഭരണാധികാരി ഖാഫ്രെ സ്മാരകമാണ് ഖാഫ്രെ പിരമിഡ്.