sleep-pressure

ജോലി ചെയ്യുന്നതിനിടെയിലോ, ടിവി കാണുന്നതിനിടെയിലോ, ബസിലോ കാറിലോ യാത്ര ചെയ്യുന്നതിനിടെയിലോ ഒക്കെ ഉറങ്ങിപ്പോകുന്നവരാണ് നമ്മളിൽ പലരും. എന്നാൽ അതേ ഉറക്കത്തോടെ കട്ടിലിൽ പോയി കിടന്നാലോ? സ്വിച്ച് ഇട്ട പോലെ പലരുടെയും ഉറക്കം പോവും. എന്താണിങ്ങനെ എന്ന് നമ്മളിൽ പലരും അത്ഭുതപ്പെട്ടിട്ടുമുണ്ടാവും.

ശരീരം അമിതമായി ആയാസപ്പെടുന്നതുമൂലം ഇരിക്കുന്നിടത്ത് തന്നെ ഉറങ്ങിപ്പോകുന്നതിനെ 'സ്ളീപ് പ്രഷർ' എന്നാണ് വിളിക്കുന്നതെന്ന് ബംഗളൂരു ബിജിഎസ് ആശുപത്രിയിലെ പൾമനോളജിസ്റ്റ് ഡോ. മഞ്ജുനാഥ് പി എച്ച് വ്യക്തമാക്കുന്നു. ഒരു ദിവസത്തിൽ കുറേ സമയംകൊണ്ടാണ് സ്ളീപ് പ്രഷർ രൂപപ്പെടുന്നത്. തുടർന്ന് ഒരു വ്യക്തി സുഖപ്രദമായ സ്ഥലത്ത് വിശ്രമിക്കുമ്പോൾ തലച്ചോർ തനിയെ തന്നെ വിശ്രമത്തിന്റെ സൂചനകൾ കാണിക്കുകയും വ്യക്തി ഉറങ്ങിപ്പോവുകയും ചെയ്യുന്നു.

ഉറക്കത്തിന് സഹായിക്കുന്ന ന്യൂറോട്രാൻസ്‌മിറ്ററായ അഡിനോസിൻ അടിഞ്ഞുകൂടുന്നതാണ് സ്ളീപ് പ്രഷറിന് കാരണമാകുന്നത്. ഇത് ദിവസം മുഴുവൻ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ ചെറുതായി ലഭിക്കുന്ന വിശ്രമവേളകളിൽ പോലും ഉറങ്ങാനുള്ള പ്രവണത വ‌ർദ്ധിക്കുന്നു. മാനസികമായി അസ്വസ്ഥരായിരിക്കുമ്പോൾ സ്ളീപ് പ്രഷറിനുള്ള സാദ്ധ്യതയും വർദ്ധിക്കുന്നു. ഇക്കാരണത്താലാണ് നമ്മൾ സോഫയിലും കസേരയിലും ബെഞ്ചിലുമൊക്കെ ഇരിക്കുമ്പോൾ പെട്ടെന്ന് ഉറങ്ങിപ്പോകുന്നത്.

ഉച്ചതിരിഞ്ഞോ വൈകുന്നേരമോ നിങ്ങൾ ഇത്തരത്തിൽ കട്ടിൽ അല്ലാത്ത സ്ഥലങ്ങളിൽ വിശ്രമിക്കുകയാണെങ്കിൽ ശരീരം അതിനെ ഉറക്കത്തിനുള്ള സമയമായി കണക്കാക്കുകയും ഉറക്കം വരികയും ചെയ്യുന്നു. കൂടാതെ വൈകുന്നേരങ്ങളിൽ ശരീരത്തിലെ മെലാറ്റോണിൻ അളവ് വർദ്ധിക്കുന്നതും പെട്ടെന്ന് ഈ സമയങ്ങളിൽ ഉറക്കത്തിലേയ്ക്ക് വഴുതിപോകുന്നതിന് കാരണമാവുന്നു. പ്രായം കൂടുന്തോറും ഇത്തരത്തിൽ ഇരിക്കുന്നയിടത്തുതന്നെ ഉറങ്ങിപ്പോകുന്നതിന്റെ തോതും വർദ്ധിക്കുന്നു.

സോഫയിലോ കസേരയിലോ മറ്റുമിരുന്ന് സുഖമായി ഉറങ്ങുന്നതിനിടെ കട്ടിലിലേയ്ക്ക് പോയാൽ ഉറക്കം നഷ്ടമാകുന്നതിന് കാരണം ഉറക്കച്ചക്രത്തിന് (സ്ളീപ് സൈക്കിൾ) തടസം വരുന്നതാണ്. അനങ്ങുന്നതിനാൽ അർദ്ധ ഉറക്കാവസ്ഥയിൽ നിന്ന് പെട്ടെന്ന് ജാഗ്രതാ അവസ്ഥയിലേയ്ക്ക് ശരീരം മാറുന്നു. ഇത് സ്ളീപ് പ്രഷർ വീണ്ടും രൂപപ്പെടുന്നതിനും ഉറക്കം നഷ്ടമാകുന്നതിനും കാരണമാവുന്നു. സോഫയുടെയും മറ്റും സുഖാന്തരീക്ഷം കട്ടിലിൽ ലഭിക്കാത്തതും ഉറക്കം ബോധപൂർവ്വം വരുത്തുന്നതിന് ഇടയാക്കും.

ഉറങ്ങുക എന്ന ഉദ്ദേശത്തോ‌ടെയല്ല സോഫയിലും കസേരയിലുമൊക്കെ ഇരിക്കുന്നതെങ്കിലും ഇത്തരം സാഹചര്യങ്ങളിൽ പെട്ടെന്ന് ഉറക്കത്തിലേയ്ക്ക് വഴുതിപോകുന്നതിനുള്ള സാദ്ധ്യത കൂടുതലാണ്. എന്നാൽ കട്ടിലിൽ ആയിരിക്കുമ്പോൾ നിങ്ങൾ കൂടുതൽ ജാഗരൂകരാവുകയും ഉറക്കം വരുത്താൻ ശ്രമിക്കുകയും ചെയ്യുന്നു. ഇത് കിടക്കയുടെ അന്തരീക്ഷത്തിൽ വിശ്രമത്തിനും ഉറക്കത്തിനും ഇടയിൽ ഒരു മാനസിക തടസം സൃഷ്ടിക്കുന്നു.