
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ നിവേദ്യ ഉരുളി കാണാതായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ അറസ്റ്റിലായവർക്ക് മോഷ്ടിക്കാൻ ഉദ്ദേശമുണ്ടായിരുന്നില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. ഉരുളി കാണാതായ സംഭവത്തിൽ മൂന്ന് സ്ത്രീകളടക്കം നാല് പേരാണ് പിടിയിലായത്. ഇവർക്കെതിരെ മോഷണത്തിന് കേസെടുക്കില്ലെന്നാണ് വിവരം.
ക്ഷേത്രദർശനത്തിനിടെ തട്ടത്തിലുണ്ടായിരുന്ന പൂജാ സാധനങ്ങൾ നിലത്ത് വീണതായും മറ്റാരാളുടെ സഹായത്തോടെ ഇതെല്ലാം എടുത്ത് തന്നപ്പോൾ, നിലത്തിരുന്ന ഉരുളിയിൽ വച്ചാണ് നൽകിയതെന്നും പ്രതികളിലൊരാളായ ഓസ്ട്രേലിയൻ പൗരൻ ഗണേഷ് ത്സാ പൊലീസിനോട് പറഞ്ഞു. പുറത്തേക്ക് പോയപ്പോഴും ആരും തടയാത്തതിനാൽ ഉരുളി കൊണ്ടുപോയെന്നും പ്രതി മൊഴി നൽകി. ക്ഷേത്ര ജീവനക്കാർ പണം വാങ്ങി സഹായിച്ചിട്ടില്ലെന്നും എന്നാൽ രാമേശ്വരത്ത് ദർശനത്തിനായി പണം വാങ്ങി കബളിപ്പിക്കപ്പെട്ടുവെന്നും ഗണേഷ് ത്സാ പറഞ്ഞു.
ഈ മാസം 13നാണ് നിവേദ്യ ഉരുളി ക്ഷേത്രത്തിൽ നിന്നും കാണാതെ പോയത്. സിസിടിവി പരിശോധനകൾക്ക് ശേഷം 15നാണ് ക്ഷേത്രം അധികൃതർ പൊലീസിൽ വിവരമറിയിച്ചത്. തുടർന്നാണ് ഉരുളി കൈവശപ്പെടുത്തിയ വ്യക്തിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്തിയത്. അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ക്ഷേത്രത്തിൽ ഒരു എസ്‌പി, ഡിവൈഎസ്‌പി, നാല് സിഐമാരടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും 200 ഓളം പൊലീസ് ഉദ്യോഗസ്ഥരേയുമാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. സുരക്ഷാവീഴ്ച സംഭവിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം.