new-zealand

ബംഗളൂരു: ബംഗളൂരുവിൽ നടന്ന ഒന്നാം ടെസ്റ്റിൽ ഇന്ത്യയെ എട്ട് വിക്കറ്റിന് തകർത്തിരിക്കുകയാണ് ന്യൂസിലാൻഡ്. ടോം ലതാമിന്റെ നേതൃത്വത്തിലെ ന്യൂസിലാൻഡ് സംഘം മറ്റൊരു ചരിത്ര നേട്ടത്തിനുകൂടി ഇതോടെ അർഹരായിരിക്കുകയാണ്. ജന്മനാട്ടിൽ 36 വർഷത്തിനുശേഷം ഇന്ത്യൻ ടീമിനെ പരാജയപ്പെടുത്തിയ ടീമായി മാറിയിരിക്കുകയാണ് അവർ.

സർഫ്രാസിന്റെ സെഞ്ച്വറിയുടേയും റിഷഭ് പന്തിന്റെ അർദ്ധ സെഞ്ച്വറിയുടേയും മികവിൽ നിറഞ്ഞാടിയ ഇന്ത്യയെ ആദ്യ സെഷനിൽ തന്നെ ന്യൂസിലാൻഡ് ഒതുക്കുകയായിരുന്നു. ചിന്നസ്വാമിയിൽ നാലാം ദിനമായ ഇന്നലെ 231/3 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ഇന്ത്യ 462 റൺസിന് ഓൾഔട്ടായി. 106 റൺസിന്റെ ലീഡാണ് ഇന്ത്യയ്ക്ക് ഉണ്ടായിരുന്നത്. 107 റൺസിന്റെ വിജയലക്ഷ്യവുമായി അഞ്ചാം ദിനമായ ഇന്ന് കളത്തിലിറങ്ങിയ കിവികൾ 28 ഓവറിനുള്ളിൽ തന്നെ വിജയം കൊയ്‌‌തു. രചിൻ രവീന്ദ്രയും വിൽ യംഗുമാണ് ന്യൂസിലാൻഡിന്റെ വിജയശിൽപികളായത്. പുറത്താവാതെ നിന്ന യംഗ് 45 റൺസും രചിൻ 39 റൺസുമാണ് നേടിയത്.

ന്യൂസിലാൻഡിന്റെ മുഴുവൻ സമയ ടെസ്റ്റ് ക്യാപ്‌ടനായുള്ള ടോം ലതാമിന്റെ ആദ്യ മാച്ചുകൂടിയായിരുന്നു ഇത്. 1988ലാണ് ന്യൂസിലാൻഡ് അവസാനമായി ഇന്ത്യയിൽ ടെസ്റ്റ് മത്സരത്തിൽ വിജയിക്കുന്നത്. മുംബയ് വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന അന്നത്തെ മത്സരത്തിൽ ജോൺ റൈറ്റിന്റെ നേതൃത്വത്തിലുള്ള കിവി സംഘം 136 റൺസിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇതിന് മുൻപ് 1969ൽ മാത്രമാണ് ഇന്ത്യൻ മണ്ണിൽ കിവികൾ ടെസ്റ്റ് മാച്ചിൽ വിജയികളാവുന്നത്.