cng

കൊച്ചി: സമ്മർദ്ദിത പ്രകൃതി വാതകത്തിന്റെ(സി.എൻ.ജി) വില ലിറ്ററിന് നാല് രൂപ മുതൽ ആറ് രൂപ വരെ കൂടിയേക്കും. ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന കുറഞ്ഞ വിലയുള്ള സി.എൻ.ജിയുടെ സപ്ളൈ കേന്ദ്ര സർക്കാർ ഇരുപത് ശതമാനം കുറച്ചതാണ് വില വർദ്ധനയ്ക്ക് അരങ്ങൊരുക്കുന്നത്. സപ്ളൈയിലെ ഇടിവിന് ആനുപാതികമായി എക്സൈസ് നികുതി കുറച്ചില്ലെങ്കിൽ വില കൂട്ടാൻ നിർബന്ധിതരാകുമെന്ന് ഡീലർമാർ പറയുന്നു. ആഭ്യന്തര ഉത്പന്നത്തിന്റെ ലഭ്യത കുറഞ്ഞാൽ ഉയർന്ന വില നൽകി വിദേശത്ത് നിന്ന് സി.എൻ.ജി ഇറക്കുമതി നടത്താൻ സിറ്റി ഗ്യാസ് വിതരണ കമ്പനികൾ നിർബന്ധിതരാകും.

അറബിക്കടൽ മുതൽ ബംഗാൾ ഉൾക്കടൽ വരെയുള്ള മേഖലകളിൽ കടലിനടിയിൽ നിന്ന് ലഭിക്കുന്ന പ്രകൃതി വാതകത്തിൽ നിന്നാണ് വാഹനങ്ങളിലും പൈപ്പുകളിലൂടെ നൽകുന്ന പാചക വാതകത്തിനും ഉപയോഗിക്കുന്ന സി.എൻ.ജി ഉത്പാദിപ്പിക്കുന്നത്. പരമ്പരാഗത പ്രകൃതി വാതക ഫീൽഡുകളിലെ പ്രകൃതി വാതക വില നിയന്ത്രിക്കുന്നത് കേന്ദ്ര സർക്കാരാണ്. രാജ്യത്തെ സിറ്റി ഗ്യാസ് റീട്ടെയിൽ കമ്പനികൾക്ക് സി.എൻ.ജി നൽകുന്ന ഈ ഫീൽഡിൽ നിന്നുള്ള ഉത്പാദനം ഓരോ വർഷവും അഞ്ച് ശതമാനം വീതം കുറയുകയാണ്.

സി.എൻ.ജി വാഹന ഉടമകൾക്ക് ബാദ്ധ്യതയേറും

സി.എൻ.ജിയിൽ ഓടുന്ന വാഹനങ്ങളുടെ ഉപഭോക്താക്കളെയാണ് വില വർദ്ധന പ്രതികൂലമായി ബാധിക്കുക. പൈപ്പ് വഴി വിതരണം ചെയ്യുന്ന പാചകവാതകത്തിന്റെ ലഭ്യത ഉറപ്പുവരുത്തിയിട്ടുള്ളതിനാൽ ഗാർഹിക ഉപഭോക്താക്കളെ ഇപ്പോഴത്തെ പ്രതിസന്ധി ബാധിക്കില്ല.

പരമ്പരാഗത ഫീൽഡിൽ നിന്നുള്ള സി.എൻ.ജിയുടെ വില (മില്യൺ ബ്രിട്ടീഷ് തെർമൽ യൂണിറ്റിന്)

6.5 ഡോളർ

ഇറക്കുമതി ചെയ്യുന്ന സി.എൻ.ജിയുടെ വില (മില്യൺ ബ്രിട്ടീഷ് തെർമൽ യൂണിറ്റിന്)

11-12 ഡോളർ