shamnathu

കൊല്ലം: രാസലഹരി ഉപയോഗിക്കുന്നത് വിഷാദരോഗവും മറ്റും ഉള്ളതിനാൽ ഉറക്കം വരാതിരിക്കാനെന്ന് എംഡിഎംഎയുമായി പിടിയിലായ സീരിയൽ നടി. കൊല്ലം ചിറക്കര ഒഴുകുംപാറ ശ്രീനന്ദനത്തിൽ പാർവ്വതി എന്ന് വിളിക്കുന്ന ഷംനത്താണ് അറസ്റ്റിലായത്. സ്വന്തമായി ഉപയോഗിക്കുന്നതിന് വേണ്ടി കടക്കൽ സ്വദേശി നവാസിൽ നിന്നാണ് ഇവർ മയക്കുമരുന്ന് വാങ്ങിയത്.


സിനിമ- സീരിയൽ രംഗത്തുള്ളവർക്ക് രാസലഹരി കൈമാറുന്ന സംഘത്തിൽ ഉൾപ്പെട്ടതാണോ ഷംനത്തെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പരവൂർ ഇൻസ്‌പെക്ടർ ഡി ദീപുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷംനത്ത് പിടിയിലായത്.

ഇന്നലെ രാത്രി എട്ട് മണിയോടെ നടിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പൊലീസ് എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു. സമീപവാസികളുടെ സാന്നിദ്ധ്യത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. പൊലീസ് എത്തുന്ന സമയത്ത് യുവതിയുടെ മക്കളും ഭർത്താവും വീട്ടിലുണ്ടായിരുന്നു. മേശയ്ക്കുള്ളിൽ ആറ് കവറുകളിൽ സൂക്ഷിച്ച നിലയിൽ 1.94 ഗ്രാം എംഡിഎംഎ ആണ് പൊലീസ് കണ്ടെടുത്തത്.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മയക്കുമരുന്ന് നൽകിയ നവാസിനെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസ് ചോദ്യം ചെയ്യലിൽ മൂന്ന് മാസത്തോളമായി ലഹരി ഉപയോഗിക്കാറുണ്ടെന്ന് യുവതി മൊഴി നൽകിയിരുന്നു.

വക്കം സ്വദേശിയായ ഷംനത്ത് ഒഴുകുപാറയിലാണ് താമസിക്കുന്നത്. മലയാളം സീരിയിലുകളിൽ അഭിനയിക്കുന്ന ഷംനത്ത് പാർവതി എന്ന പേരാണ് സമൂഹമാദ്ധ്യമങ്ങളിലടക്കം നൽകിയിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.