
ഏപ്രിൽ-സെപ്‌തംബർ കാലയളവിലെ നിക്ഷേപം 30,350 കോടി രൂപ
കൊച്ചി: ചെറുകിട, ഇടത്തരം കമ്പനികളുടെ(മിഡ്, സ്മാൾ ക്യാപ്) ഓഹരികളിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളിലേക്ക് കഴിഞ്ഞ ആറ് മാസത്തിനിടെ ഉപഭോക്താക്കൾ ഒഴുക്കിയത് 30,350 കോടി രൂപ. മുൻനിര ഓഹരികളേക്കാൾ മികച്ച വരുമാനം ഇവയിൽ നിന്ന് ലഭിക്കുന്നതാണ് നിക്ഷേപകർക്ക് ആവേശമാകുന്നത്. മുൻവർഷം ഇതേകാലയളവിലെ നിക്ഷേപം 32,924 കോടി രൂപയായിരുന്നു.
ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരി വില അസാധാരണമായി കൂടുന്നതിൽ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ(സെബി) ആശങ്ക പ്രകടിപ്പിച്ചതും നിക്ഷേപകരുടെ തീരുമാനത്തെ ബാധിച്ചില്ല. മിഡ് ക്യാപ് ഫണ്ടുകളിൽ 14,756 കോടി രൂപയും സ്‌മാൾ ക്യാപ് പദ്ധതികളിൽ 15,586 കോടി രൂപയുമാണ് ഏപ്രിൽ മുതൽ സെപ്തംബർ വരെ ലഭിച്ചത്. അതേസമയം വലിയ കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുന്ന ലാർജ് ക്യാപ് മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് നിക്ഷേപകർ 7,500 കോടി രൂപ പിൻവലിച്ചു.
കരുതൽ വേണം
രാജ്യത്തെ സാമ്പത്തിക മേഖല കടുത്ത അനിശ്ചിതത്വത്തിലൂടെ നീങ്ങുന്നതിനാൽ നിക്ഷേപകർ കരുതലോടെ നീങ്ങണമെന്ന് ഓഹരി അനലിസ്‌റ്റുകൾ പറയുന്നു. വിപണിയിലെ മുന്നേറ്റ കാലത്തിൽ മികച്ച വരുമാനം ലഭിച്ചുവെന്നത് ഭാവിയിലേക്കുള്ള ചൂണ്ടുപലകയാകില്ല. സാമ്പത്തിക വർഷത്തെ ആദ്യ പകുതിയിൽ ഇടത്തരം കമ്പനികളുടെ ഓഹരി സൂചിക 20 ശതമാനവും ചെറുകിട ഓഹരി സൂചിക 24 ശതമാനവും വരുമാന നേട്ടമാണ് നിക്ഷേപകർക്ക് നൽകിയത്.
നിക്ഷേപിക്കുമ്പോൾ
1. കമ്പനികളുടെ ധന സ്ഥിരതയും ലാഭക്ഷമതയും പ്രവർത്തന മികവും കണക്കിലെടുത്ത് നിക്ഷേപ തീരുമാനമെടുക്കണം
2. ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങളും അപ്രതീക്ഷിത ചലനങ്ങളും ഇന്ത്യൻ ഓഹരികളെയും ബാധിച്ചേക്കും
3. ദീർഘ കാല നിക്ഷേപമെന്ന ബോധ്യത്തോടെ നിക്ഷേപത്തിന് ഒരുങ്ങി തിരിച്ചടിയിൽ തളരാതെ മുന്നോട്ട് നീങ്ങണം
4. നിലവിൽ വിപണി തിരുത്തൽ കാലയളവിലൂടെ നീങ്ങുകയാണെങ്കിലും പല ഓഹരികളുടെയും വില ഉയർന്ന തലത്തിലാണ്