
ഒരു ശിഷ്യൻ തന്റെ ഗുരുവിനോടു ചോദിച്ചു, 'ഗുരോ, കാരുണ്യവും സഹതാപവും തമ്മിലുള്ള വ്യത്യാസം എന്താണ്?" ഗുരു ഉത്തരമൊന്നും പറയാതെ ശിഷ്യനെ സമീപമുള്ള തെരുവിലേക്കു വിളിച്ചുകൊണ്ടുപോയി. ശിഷ്യനോടു വഴിയരികിലിരുന്ന ഒരു യാചകനെ നിരീക്ഷിക്കാൻ പറഞ്ഞു. അല്പനേരം കഴിഞ്ഞപ്പോൾ അതിലെ നടന്നുപോയ ഒരു പാവപ്പെട്ട വൃദ്ധ യാചകനെ കണ്ട് ഒരു നാണയത്തുട്ട് അയാളുടെ പിച്ചപ്പാത്രത്തിലിട്ടു. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു ധനികൻ യാചകന് അമ്പതു രൂപ നല്കി. പിന്നീട് ഒരു കുട്ടി ആ വഴിക്കു വന്നു. അവൻ യാചകനെ നോക്കി സ്നേഹപൂർവ്വം പുഞ്ചിരിച്ചു. അടുത്തുചെന്ന് ഒരു ജ്യേഷ്ഠസഹോദരനോട് എന്നപോലെ കുറച്ചുനേരം സംസാരിച്ചു. യാചകനു സന്തോഷമായി.
ശിഷ്യനോട് ഗുരു ചോദിച്ചു, 'ഈ മൂന്നു പേരിൽ ആർക്കാണു യഥാർത്ഥത്തിൽ കാരുണ്യമുള്ളത്?" ശിഷ്യൻ പറഞ്ഞു, 'ധനികന്."ഗുരു പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു, 'ആ ധനികന് യഥാർത്ഥത്തിൽ യാചകനോട് അല്പം പോലും സഹതാപമോ കാരുണ്യമോ ഉണ്ടായിരുന്നില്ല. തന്റെ ഉദാരശീലം നാലുപേരെ അറിയിക്കുക എന്ന ഉദ്ദേശ്യം മാത്രമാണ് അയാൾക്കുണ്ടായിരുന്നത്. വൃദ്ധയ്ക്കു യാചകനോടു തോന്നിയ ഭാവമാകട്ടെ കേവലം സഹതാപമായിരുന്നു. അവർ യാചകനെ സ്വന്തമെന്നപോലെ കാണുകയോ അയാളുടെ ദാരിദ്ര്യം മാറ്റാൻ തീവ്രമായി ആഗ്രഹിക്കുകയോ ചെയ്തില്ല. എന്നാൽ ആ കുട്ടിയുടെ ഭാവത്തെ കാരുണ്യമെന്നു വിളിക്കാം. കാരണം, തന്റെ സ്വന്തമെന്നപോലെയാണു കുട്ടി യാചകനോടു പെരുമാറിയത്. യാചകനെ കാര്യമായി സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലും അവിടെ ഹൃദയബന്ധവും താദാത്മ്യവും ഉണ്ടായിരുന്നു. അവൻ യാചകനോടു കാണിച്ചതാണു യഥാർത്ഥ കാരുണ്യം."
പ്രത്യക്ഷത്തിൽ ഒരുപോലെ തോന്നിക്കുന്ന രണ്ടു ഭാവങ്ങളാണ് സഹതാപവും കാരുണ്യവും. എന്നാൽ ആഴത്തിൽ പരിശോധിക്കുമ്പോൾ അവ തമ്മിൽ വളരെയേറെ അന്തരമുണ്ടെന്നു കാണാം. മറ്റൊരാളുടെ ദുഃഖം കാണുമ്പോൾ ഒരാളുടെ മനസിലൂടെ കടന്നുപോകുന്ന ക്ഷണികവികാരമാണ് സഹതാപം. അത് അയാളെ ആഴത്തിൽ സ്പർശിക്കുകയോ കാര്യമായി സ്വാധീനിക്കുകയോ ചെയ്യുന്നില്ല. മറ്റെയാളുടെ ദുഃഖം കാണുമ്പോൾ തനിക്കുണ്ടാകുന്ന മനഃപ്രയാസം മാറ്റാനായി ചെറിയൊരു സഹായം നല്കുകയോ നല്ല വാക്കു പറയുകയോ ചെയ്താൽ അയാൾക്കു സമാധാനമായി. എന്നാൽ കാരുണ്യമെന്നതു മറ്റൊരാളുടെ ദുഃഖം സ്വന്തം ദുഃഖമായി അനുഭവിക്കുന്ന ഭാവമാണ്. അവിടെ രണ്ടില്ല. താദാത്മ്യവും ഏകത്വവുമാണുള്ളത്. ഇടതു കൈ മുറിഞ്ഞാൽ വലതുകൈ തലോടും. കാരണം, രണ്ടും തന്റെ ശരീരത്തിന്റെ ഭാഗമാണ്. രണ്ടും തന്റേതു തന്നെയാണ്. ആ വേദന തന്റേതുതന്നെയാണ്.
കേവലം നൈമിഷികമായ സഹതാപമല്ല, ഹൃദയത്തിൽ തട്ടി വരുന്ന കാരുണ്യമാണ് ഇന്ന് ലോകത്തിനാവശ്യം. മറ്റുള്ളവരുടെ സുഖവും ദുഃഖവും സ്വന്തം സുഖദുഃഖങ്ങളായി കാണുന്ന മനസിലാണു കാരുണ്യം ഉദിക്കുന്നത്. അവിടെ സ്നേഹവും സേവന സന്നദ്ധതയുമുണ്ടാവും.
കാരുണ്യമാണ് ലോകത്തിന്റെ മുറിവുകൾ ഉണക്കുന്ന ഒരേയൊരു ഔഷധം. പരിഹാരമില്ലാതെ നീണ്ടുപോകുന്ന യുദ്ധങ്ങൾക്കും സംഘട്ടനങ്ങൾക്കും, ലോകത്തിന്റെ പല ഭാഗത്തുമുളള പട്ടിണിക്കുമെല്ലാം ഉള്ള പരിഹാരം ഹൃദയത്തിൽ നിന്നുയരുന്ന കാരുണ്യമാണ്.