 
കൊച്ചി: പ്രമുഖ മലയാളി വ്യവസായി എം. എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പ് പ്രാരംഭ ഓഹരി വില്പനയ്‌ക്ക്(ഐ.പി.ഒ) ഒരുങ്ങുന്നു. ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ യു.എ. ഇയിലെ റീട്ടെയ്ൽ വ്യാപാര വിഭാഗത്തിലെ 25 ശതമാനം ഓഹരികൾ വിറ്റഴിച്ച് 180 കോടി ഡോളർ(15,000 കോടി രൂപ) സമാഹരിക്കാനാണ് ആലോചിക്കുന്നത്. സ്ഥാപനത്തിന്റെ വിപണി മൂല്യം 60,000 കോടി രൂപയായി വിലയിരുത്തിയാണ് പണം സമാഹരിക്കുന്നത്. ഓഹരി വില്പന സംബന്ധിച്ച വിശദ വിവരങ്ങൾ ഈ ആഴ്‌ച അബുദാബി സെക്യൂരിറ്റീസ് മാർക്കറ്റിൽ(എ.ഡി.എക്‌സ്) സമർപ്പിക്കുമെന്നാണ് വാർത്തകൾ. ഒക്ടോബർ അവസാനത്തോടെ ഓഹരി വില നിശ്ചയിക്കും. ഐ.പി.ഒയുടെ ഭാഗമായി ഒരു ഭാഗം ഓഹരികൾ ലുലു ജീവനക്കാർക്കും നൽകും. നവംബർ പകുതിയോടെ ഓഹരികൾ എ.ഡി.എക്‌സിൽ ലിസ്‌റ്റ് ചെയ്യും.
എമിറേറ്റ്‌സ് എൻ.ബി.ഡി കാപ്പിറ്റൽ, എച്ച്.എസ്.ബി.സി ഹോൾഡിംഗ്‌സ്, അബുദാബി കൊമേഴ്‌സ്യൽ ബാങ്ക്, സിറ്റി ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളാണ് ഐ.പി.ഒ ഇടപാടുകൾ ഏകോപിപ്പിക്കുന്നത്.