
പൊന്നാനി : വെളിയങ്കോട് ടൗൺ ജുമാ മസ്ജിദിൽ ജുമുഅ നിസ്കാര സമയത്ത് പള്ളിക്ക് പുറത്ത് നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ഡാഷ് ബോർഡ് കുത്തിത്തുറന്ന് 46,000 രൂപയോളം മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. പൊന്നാനി നഗരം സ്വദേശി പോക്കരകത്ത് സമീറാണ്(45) അറസ്റ്റിലായത്. കോട്ടക്കൽ സ്വദേശി ഫൈസലിന്റെ ഓട്ടോറിക്ഷയിലായിരുന്നു വെള്ളിയാഴ്ച മോഷണം നടന്നത്. രണ്ടു വർഷം മുമ്പ് പൊന്നാനി പരിസര പ്രദേശങ്ങളിലും പാലപ്പെട്ടിയിലും സമാന രീതിയിൽ പ്രതി മോഷണം നടത്തിയിട്ടുണ്ട്. ചെറിയ തുക നഷ്ടപ്പെട്ടത് മൂലം പരാതിപ്പെടാത്തവരുമുണ്ട്.പ്രതി വെള്ളിയാഴ്ചകളിൽ റോഡരികിലെ പള്ളികളിലേക്ക് വെള്ള മുണ്ടും വെള്ള ഷർട്ടും മാസ്‌കും ധരിച്ച് നിസ്‌കാരത്തിനെന്ന വ്യാജേന വരികയുംനിസ്കാര സമയത്ത് ഓട്ടോറിക്ഷകളിലൂം മറ്റും കയറി ഡാഷ് ബോർഡിൽ സൂക്ഷിച്ചിരിക്കുന്ന പണവും മറ്റും കവരുകയും ചെയ്യുകയാണ് പതിവ്. നിരവധി സ്ഥലങ്ങളിൽ പ്രതിക്കെതിരെ സമാന രീതിയിൽ കേസുകളുണ്ട്. വെളിയങ്കോട് ടൗണിൽ വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച ദൃശ്യങ്ങൾ പൊലീസ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് വഴിയാണ് പ്രതിയെ തിരിച്ചറിയാനായത്. സാധാരണക്കാരായ കളക്ഷൻ ഏജന്റുമാരും പെട്ടി വണ്ടികളിൽ ഫ്രൂട്ട്സ് പച്ചക്കറി കച്ചവടം നടത്തുന്നവരുമാണ് പ്രതിയുടെ ഇരകളിലധികവും. പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി.