a

വണ്ടൂർ : വണ്ടൂരിൽ ധനകാര്യ സ്ഥാപനം നടത്തി തട്ടിപ്പ് നടത്തിയ എറണാകുളം സ്വദേശി പിടിയിൽ. സൗത്ത് മഴുവന്നൂർ സ്വദേശി മാപ്പാണിക്കാട്ട് ഹൗസിൽ സഞ്ജു അബ്രഹാമിനെ ഇന്നലെ പുലർച്ച അഞ്ചിന് നെടുമ്പാശ്ശേരി എയർപോർട്ടിൽ വച്ചാണ് പിടികൂടിയത്. പരാതികൾ ഉയർന്നതോടെ വിദേശത്തേക്ക് കടക്കാനിരുന്ന ഇയാളുടെ പേരിൽ വണ്ടൂർ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വണ്ടൂർ പാണ്ടിക്കാട് റോഡിലുള്ള ധനകാര്യ സ്ഥാപനം കേന്ദ്രീകരിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. ദിവസം 100 രൂപ അടവാക്കിയുള്ള ചിട്ടിയിൽ വണ്ടൂരിലെയും പരിസരങ്ങളിലെയും നൂറുകണക്കിന് സാധാരണ ആളുകളാണ് ചേർന്നിരുന്നത്. ഇതിനുപുറമേ നിരവധി പേർ സ്വർണവും പണവും ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപിച്ചിരുന്നു. മാസങ്ങൾക്കുശേഷം ഇയാൾ മുങ്ങി.
എറണാകുളം സ്വദേശിനിയുടെ പരാതിയിലാണ് വണ്ടൂർ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്. പരാതിക്കാരിയിൽ നിന്ന് പ്രതി 1.30 ലക്ഷം തട്ടിയെടുത്തെന്നായിരുന്നു കേസ്. ഇതോടെ നാട്ടുകാരും പരാതിയുമായി രംഗത്തെത്തി. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.