s

തിരൂരങ്ങാടി: മൂന്നിയൂർ വെളിമുക്കിൽ പഞ്ചായത്തംഗത്തിന്റെ ബൈക്ക് മോഷ്ടിച്ച കേസിൽ പ്രതിയെ മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്ത് തിരൂരങ്ങാടി പൊലീസ്. ജാർഖണ്ഡ് സൈർബാഗ് ചൽക്കുഷ സ്വദേശി സുരാജാണ് (18) പിടിയിലായത്. മൂന്നിയൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിറുത്തിയിട്ടിരുന്ന പഞ്ചായത്ത് അംഗം സൽമാ നിയാസിന്റെ ബൈക്കാണ് ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നോടെ മോഷ്ടിക്കപ്പെട്ടത്.

വിവരമറിഞ്ഞയുടൻ പരിസരത്തെ സി.സി.ടി.വി. കാമറകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ മോഷ്ടാവ് വാഹനവുമായി പോയ ദിശ മനസ്സിലാക്കി. കൺട്രോൾ റൂമിലും സാമൂഹ്യ മാദ്ധ്യമങ്ങളിലും വിവരം പങ്ക് വയ്ച്ചു. ഇതിനിടെ താനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ,​ മോഷണം പോയ ബൈക്കിലെത്തിയയാൾ സ്ത്രീയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ചതായി വിവരം കിട്ടി.

ഇതിന്റെ ചിത്രം ഒരു ഓട്ടോ യാത്രക്കാരി പൊലീസിന് അയച്ച് കൊടുത്തു. പൊലീസ് പിന്തുടരുന്നതായി മനസ്സിലാക്കിയ മോഷ്ടാവ് സ്‌കൂട്ടർ തലപ്പാറ ദേശീയപാതയിലെ പാലത്തിൽ ഉപേക്ഷിച്ച് മുങ്ങി. മോഷ്ടാവിനായി നടത്തിയ തെരച്ചിലിനിടെ പ്രദേശത്തെ ഒരു ബാറിൽ മദ്യപിക്കുകയായിരുന്ന പ്രതിയെ പൊലീസ് പിടികൂടി. സ്‌കൂട്ടറിൽ സൂക്ഷിച്ചിരുന്ന 5000 രൂപയും വിലപിടിപ്പുള്ള ചില രേഖകളും നഷ്ടപ്പെട്ടിട്ടുണ്ട്.