
കൊച്ചി: ദീപാവലിക്ക് മുന്നോടിയായി തകർച്ചയിൽ നിന്ന് ഓഹരി വിപണി ശക്തമായി തിരിച്ചുകയറുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. മൂന്നാഴ്ചയായി കനത്ത തിരിച്ചടിയിലൂടെ നീങ്ങുന്ന ഓഹരി വിപണി ഈ വാരം ഉറ്റുനോക്കുന്നത് കമ്പനികളുടെ പ്രവർത്തന ഫലങ്ങളും ദീപാവലി കാലത്തെ ഉപഭോഗത്തിലെ ഉണർവുമാണ്. വിദേശ നിക്ഷേപകർ വൻതോതിൽ ഇന്ത്യയിൽ നിന്ന് പണം പിൻവലിക്കുന്നതാണ് സമ്മർദ്ദം ശക്തമാക്കുന്നത്. വാഹന, ഭവന മേഖലകളിൽ നിന്ന് ആശങ്കാജനകമായ വാർത്തകളാണ് എത്തുന്നത്. പശ്ചിമേഷ്യയിലെ രാഷ്‌ട്രീയ സംഘർഷങ്ങളും നിക്ഷേപകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു.
നടപ്പുവാരവും വിപണി വില്പന മോഡിൽ തുടരുമെന്നാണ് സൂചന. കഴിഞ്ഞ വാരാന്ത്യത്തിൽ പ്രഖ്യാപിച്ച എച്ച്.ഡി.എഫ്.സി ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, ടെക്ക് മഹീന്ദ്ര തുടങ്ങിയവയുടെ പ്രവർത്തന ഫലങ്ങളോടുള്ള വിപണിയുടെ പ്രതികരണം ഇന്നത്തെ വ്യാപാരത്തിൽ ദൃശ്യമാകും.
കഴിഞ്ഞ വാരം സെൻസെക്‌സ് 0.2 ശതമാനം നഷ്‌ടവുമായി 81,225ലും നിഫ്‌റ്റി 0.44 ശതമാനം ഇടിവോടെ 24,854ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വാഹന, ഭവന, എഫ്.എം.സി.ജി, മെറ്റൽ മേഖലകളിലെ ഓഹരികളാണ് വലിയ തിരിച്ചടി നേരിട്ടത്.
നിക്ഷേപകർ ഉറ്റുനോക്കുന്നത്
1. ഐ.ടി.സി, ഐ.സി.ഐ.സി.ഐ ബാങ്ക്, ബജാജ് ഫിനാൻസ് തുടങ്ങിയ കമ്പനികളുടെ പ്രവർത്തന ഫലങ്ങൾ ഈ വാരം പുറത്തുവരും
2. ചൈനയിലെ ഉത്തേജക പാക്കേജുകളുടെ പ്രഭയിൽ മയങ്ങി വിദേശ ധന സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിൽ നടത്തുന്ന വില്പന സമ്മർദ്ദം
3. പശ്ചിമേഷ്യയിലെ രാഷ്‌ട്രീയ സംഘർഷങ്ങൾ കൂടുതൽ ശക്തമായാൽ ലോകമെമ്പാടുമുള്ള ഓഹരി വിപണികൾക്ക് തിരിച്ചടിയാകും
4. അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം ആഗോള സാമ്പത്തിക മേഖലയുടെ മുന്നോട്ടുള്ള നീക്കത്തെ സ്വാധീനിക്കും
മുഹൂർത്ത വ്യാപാരം നവംബർ ഒന്നിന്
ശുഭമുന്നേറ്റത്തിന് ഉൗർജമാകുന്ന ഇത്തവണത്തെ മുഹൂർത്ത വ്യാപാരം നവംബർ ഒന്നിന് വൈകിട്ട് ആറ് മുതൽ ഏഴ് മണി വരെ നടക്കും. ഹൈന്ദവ വിശ്വാസമനുസരിച്ചുള്ള കലണ്ടർ വർഷമായ സംവത് 2081ന്റെ തുടക്കത്തിന്റെ ഭാഗമായാണ് ഈ പ്രത്യേക വ്യാപാരം. പുതിയ കാര്യങ്ങൾ തുടങ്ങാനുള്ള ഏറ്റവും ശുഭകരമായ സമയമായാണ് ഇതിനെ വിലയിരുത്തുന്നത്. ദീപാവലി ദിനത്തിൽ സാധാരണ ഓഹരി വ്യാപാരത്തിന് പകരമാണ് ഹ്രസ്വ സമയത്തേക്ക് പ്രത്യേക സെഷൻ നടത്തുന്നത്.