baba

ന്യൂഡൽഹി: മഹാരാഷ്ട്ര മുൻ മന്ത്രിയും എൻ.സി.പി നേതാവുമായിരുന്ന ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ സംഭവത്തിൽ വൈകാരിക കുറിപ്പുമായി മകൻ സീഷാൻ സിദ്ദിഖി. പോരാട്ടം അവസാനിച്ചിട്ടില്ലെന്നും ഒരു സിംഹത്തിന്റെ രക്തമാണ് തന്റെ സിരകളിലൊഴുകുന്നതെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

' യുദ്ധം അവസാനിച്ചിട്ടില്ല. എന്റെ പിതാവിനെ അവർ നിശബ്ദനാക്കി. എന്നാൽ അദ്ദേഹം ഒരു സിംഹമായിരുന്നുവെന്നും ആ സിംഹത്തിന്റെ ഗർജ്ജനം എന്റെയുള്ളിലുണ്ടെന്നും അവർ മറന്നുപോയി. നിരപരാധികളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ പിതാവ് ശ്രമിച്ചു. എന്റെ പിതാവിന് ജീവൻ നഷ്ടപ്പെട്ടു. ഇന്ന് എന്റെ കുടുംബം തകർന്നിരിക്കുന്നു. അദ്ദേഹത്തിന്റെ മരണം രാഷ്ട്രീയവത്കരിക്കരുത്. നീതി വേണം.
നീതിക്കു വേണ്ടിയാണ് അദ്ദേഹം നിലകൊണ്ടത്. മാറ്റത്തിനു വേണ്ടിയാണ് അദ്ദേഹം പരിശ്രമിച്ചത്. ഒരു കൊടുങ്കാറ്റിനു മുന്നിലും പതറാതെ നേരിട്ടു. അദ്ദേഹത്തെ വീഴ്ത്തിയെന്നും തങ്ങൾ വിജയിച്ചുവെന്നും കരുതുന്നവരോട് ഞാൻ പറയുന്നു. ഒരു സിംഹത്തിന്റെ രക്തമാണ് എന്റെ സിരകളിലൊഴുകുന്നത്. നിർഭയനായി ഞാനിവിടെ തന്നെയുണ്ട്. അദ്ദേഹത്തിന്റെ സ്ഥാനത്ത് ഞാനുദിച്ചുയരും". -സീഷാൻ കുറിച്ചു.

കഴിഞ്ഞ ദിവസം ബാബാ സിദ്ദിഖിക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് സീഷാൻ രംഗത്തെത്തിയിരുന്നു. ഭീഷണി കണക്കിലെടുത്ത്

സീഷാന്റെ സുരക്ഷ വർദ്ധിപ്പിച്ചിരുന്നു.

അതിനിടെ, കൊലയാളികൾക്ക് പിന്തുണ നൽകിയ അഞ്ച് പേരെ കഴിഞ്ഞയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.