railway

തിരുവനന്തപുരം: ടിക്കറ്റെടുത്ത് യാത്ര ചെയ്ത് മലയാളികള്‍ റെയില്‍വേക്ക് നല്‍കുന്നത് റെക്കോഡ് വരുമാനമാണ്. എന്നാല്‍ ഈ പരിഗണനയൊന്നും പലപ്പോഴും പുതിയ സര്‍വീസ് അനുവദിക്കുന്ന കാര്യത്തില്‍ കേരളത്തോട് റെയില്‍വേ കാണിക്കാറില്ല. യാത്രാ ദുരിതത്തില്‍ പൊറുതിമുട്ടിയതോടെ അപകടകരമായി യാത്ര ചെയ്യുന്നവരുടേയും ട്രെയിനുകള്‍ക്കുള്ളില്‍ വീര്‍പ്പ്മുട്ടിക്കുന്ന തിരക്കിന്റേയും ചിത്രങ്ങളുമായി കേരളത്തില്‍ നിന്നുള്ള എംപിമാര്‍ കേന്ദ്ര റെയില്‍വേ മന്ത്രിയുടെ മുന്നിലെത്തിയിരുന്നു.

ജനപ്രതിനിധികള്‍ മന്ത്രിയെ കാണാനെത്തിയതിന് ഗുണമുണ്ടായി. തിരക്ക് കണക്കിലെടുത്ത് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍ കേരളത്തിന് റെയില്‍വേ അനുവദിച്ചു. താംബരം - തിരുവനന്തപുരം നോര്‍ത്ത് സ്‌പെഷ്യല്‍ ട്രെയിനും, കൊല്ലം - എറണാകുളം മെമുവും ആയിരുന്നു ആ ട്രെയിനുകള്‍. കേരളത്തിന്റെ ആവശ്യങ്ങള്‍ പക്ഷേ ഈ രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകളില്‍ ഒതുങ്ങുന്നതല്ല. പുതുതലമുറ ട്രെയിനുകളിലെ സൂപ്പര്‍സ്റ്റാറായ വന്ദേഭാരതിലാണ് കേരളത്തിന്റെ നോട്ടം.

കേരളത്തില്‍ സര്‍വീസ് നടത്തുന്ന രണ്ട് വന്ദേഭാരതുകളും ബ്ലോക്ബസ്റ്റര്‍ ഹിറ്റായി സര്‍വീസ് തുടരുകയാണ്. ഒരു സീറ്റിന് രണ്ട് ആവശ്യക്കാര്‍ എന്ന നിലയിലാണ് ഒക്കുപ്പന്‍സി നിരക്ക്. ഇത് വന്ദേഭാരത് ഉള്‍പ്പെടെ നിരവധി പുതിയ ട്രെയിനുകള്‍ കിട്ടുന്ന മറ്റ് പല സംസ്ഥാനങ്ങള്‍ക്കും കേട്ടുകേള്‍വി മാത്രമാണ്. നിലവില്‍ കാസര്‍കോട്, മംഗളൂരു എന്നിവിടങ്ങളിലേക്കാണ് തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് ട്രെയിനുകള്‍ കേരളത്തില്‍ സര്‍വീസ് നടത്തുന്നത്.

ബംഗളൂരുവിലേക്ക് വന്ദേഭാരത് സര്‍വീസ്

പതിനായിരക്കണക്കിന് മലയാളികള്‍ ജോലി ചെയ്യുന്ന ഐടി നഗരമായ ബംഗളൂരുവിലേക്കുള്ള യാത്രകള്‍ ചിലവേറിയതാണ്. ഉത്സവ സീസണുകളിലാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. ഈ സാഹചര്യം കൊള്ളലാഭം കൊയ്യാനുള്ള അവസരമായിട്ടാണ് സ്വകാര്യ ബസ് ലോബികള്‍ ഉപയോഗിക്കുന്നത്. ബംഗളൂരുവിലേക്ക് വന്ദേഭാരത് എന്നത് കേരളത്തിനും ദക്ഷിണ റെയില്‍വേക്കും ഒരുപോലെ താത്പര്യമുള്ള കാര്യമാണ്. എന്നാല്‍ ഇടക്കാലത്ത് അനുവദിച്ച ബംഗളൂരു - കൊച്ചി സ്‌പെഷ്യല്‍ വന്ദേഭാരത് സര്‍വീസ് പോലും പിന്നീട് നിര്‍ത്തുകയാണ് ചെയ്തത്.

യാത്രക്കാര്‍ കയറാത്തതോ ദക്ഷിണ റെയില്‍വേ സമ്മര്‍ദ്ധം ചെലുത്താത്തതോ അല്ല സര്‍വീസ് നിന്ന് പോകാന്‍ കാരണം. ബംഗളൂരു ഉള്‍പ്പെടുന്ന സൗത്ത് വെസ്റ്റ് റെയില്‍വേ സോണ്‍ അസൗകര്യം അറിയിച്ചതുകൊണ്ട് മാത്രമാണ് കേരളത്തിന് കൊച്ചി - ബംഗളൂരു സര്‍വീസ് നിന്ന് പോകാന്‍ കാരണമായത്. ട്രെയിനിനെ സ്വീകരിക്കാന്‍ പ്ലാറ്റ്‌ഫോം ഇല്ലെന്ന സോണിന്റെ നിലപാടാണ് മലയാളികള്‍ക്ക് ആശ്വാസമായ ഈ ട്രെയിന്‍ നിന്ന് പോകുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.

വരുമോ തിരുവനന്തപുരം - ബംഗളൂരു വന്ദേഭാരത്

കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികളുടെ സംഘം കേന്ദ്രമന്ത്രിയെ കണ്ടപ്പോള്‍ മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷ് മുന്നോട്ടുവെച്ച ആവശ്യമാണ് തിരുവനന്തപുരം - ബംഗളൂരു നഗരങ്ങള്‍ക്കിടയില്‍ ഒരു വന്ദേഭാരത് കേരളത്തിന് അനുവദിക്കണമെന്നത്. പരിഗണിക്കാം, റെയില്‍വേ ടൈംടേബിള്‍ കമ്മിറ്റിയോട് ഇക്കാര്യം പരിശോധിക്കാന്‍ നിര്‍ദേശിക്കാം എന്നാണ് റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവ് നല്‍കിയ മറുപടി. കൊച്ചി വരെയുള്ള സര്‍വീസ് നിര്‍ത്തിയിട്ട് പുതിയതായി ഒന്ന് തിരുവനന്തപുരം വരെ ലഭിക്കുമോയെന്നതാണ് ചോദ്യം?

ബംഗളൂരു -കൊച്ചി വന്ദേഭാരത് സര്‍വീസിനെക്കാള്‍ 200 കിലോമീറ്റര്‍ (ഒരു സൈഡിലേക്ക്) അധികം യാത്ര ചെയ്യണം തിരുവനന്തപുരത്തേക്ക് ഓടിയെത്താന്‍. ഉദ്ദേശിക്കുന്ന വേഗത എറണാകുളം - തിരുവനന്തപുരം റൂട്ടില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വന്ദേഭാരതിന് കൈവരിക്കാന്‍ കഴിയുകയുമില്ല. അപ്പോള്‍ പിന്നെ കേരളത്തിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ രണ്ട് വന്ദേഭാരത് റേക്കുകള്‍ തിരുവനന്തപുരം - ബംഗളൂരു റൂട്ടിനായി അനുവദിക്കേണ്ടിവരുമെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ കേരളകൗമുദിയോട് പറഞ്ഞത്.

മന്ത്രി പരിഗണിക്കാം എന്നും പരിശോധിക്കാം എന്നും ഉറപ്പുനല്‍കിയ രണ്ട് ട്രെയിനുകള്‍ അനുവദിച്ചതാണ് കേരളത്തിന് പ്രതീക്ഷ. എന്നാല്‍ വന്ദേഭാരത് അനുവദിക്കുന്നതിന് പരിഗണിക്കുന്ന പല മാനദണ്ഡങ്ങളും തിരുവനന്തപുരം - ബംഗളൂരു റൂട്ടില്‍ ഇപ്പോള്‍ പ്രായോഗികമല്ല. പാളം നിവര്‍ത്തല്‍ ഉള്‍പ്പെടെയുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് മാത്രമേ ഈ സര്‍വീസ് അനുവദിക്കാനുള്ള സാദ്ധ്യത നിലവിലുള്ളൂ. എന്നാല്‍ ഈ ആവശ്യം മുന്‍നിര്‍ത്തി കൊച്ചി - ബംഗളൂരു സര്‍വീസ് പുനരാരംഭിക്കാനെങ്കിലും കേരളത്തിനും ദക്ഷിണ റെയില്‍വേക്കും ശ്രമിക്കാവുന്നതാണ്.