lalu

കോതമംഗലം: ഒളിവിലായിരുന്ന ഇരുപതോളം ക്രിമിനൽ കേസുകളിലെ പ്രതിയെ പൊലീസ് സാഹസികമായി പിടികൂടി. കുറുപ്പംപടി വേങ്ങൂർ കൊച്ചുപുരക്കൽ കടവ് മാന്നാം കുഴിയിൽ ലാലു (28)വിനെയാണ് കുട്ടമ്പുഴ പൊലീസ് പിടികൂടിയത്.

കാപ്പ ചുമത്തി ജയിലിലാക്കാൻ നേരത്തെ ജില്ലാ കളക്ടർ ഉത്തരവിട്ടെങ്കിലും ഇയാൾ ഒളിവിൽ പോയിരുന്നു. ഒളിവിൽ കഴിയവേ കുട്ടമ്പുഴ സ്റ്റേഷൻ പരിധിയിലെ വടാട്ടുപാറ ഭാഗത്ത് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. തുടർന്ന് തമിഴ്നാട്ടിലേക്കും അവിടെ നിന്ന് കർണ്ണാടകയിലേക്കും ആന്ധ്രയിലേക്കും കടന്നു. കഴിഞ്ഞ ദിവസം ഇയാൾ രഹസ്യമായി ജില്ലയിലെത്തിയതറിഞ്ഞ് പിന്തുടർന്ന പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. പെരുമ്പാവുർ , ഊന്നുകൽ, കുറുപ്പംപടി, കോടനാട്, കുട്ടമ്പുഴ, കണ്ണൂർ ടൗൺ, തൃശൂർ ഈസ്റ്റ് സ്റ്റേഷനുകളിലായി നിരവധി ക്രമിനൽ കേസുകളിൽ പ്രതിയാണ്.
പെരുമ്പാവൂർ എ.എസ്.പി ശക്തി സിംഗ് ആര്യ, മൂവാറ്റുപുഴ ഡിവൈ.എസ്.പി പി.എം ബൈജു, കുട്ടമ്പുഴ എസ്.എച്ച്.ഒ പി.എ. ഫൈസൽ, സീനിയർ സി.പി.ഒ എം.കെ. ഷിയാസ്, സി.പി.ഒമാരായ ടി.എം ഷെഫീഖ്, സഞ്ജു ജോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.