
കൊൽക്കത്ത : ഐ.എസ്.എൽ ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മൊഹമ്മദൻസിനെ തിരിച്ചടിച്ചിട്ട് കേരള ബ്ളാസ്റ്റേഴ്സ്. കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ഗോൾ നേടിയത് മൊഹമ്മദൻസാണ്. 28-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെയാണ് മൊഹമ്മദൻസിന്റെ ഗോൾ പിറന്നത്. 20-ാം മിനിട്ടിൽ ജോസഫര അദേയ്‌ക്ക് പരിക്കേറ്റതിനാൽ ഫ്ളോറന്റ് ഓഗിയറെ പകരമിറക്കിയാണ് മൊഹമ്മദൻസ് കളിച്ചത്. 23-ാം മിനിട്ടിൽ മുഹമ്മദ് അസ്ഹറിന്റെ ഫൗളിന് റഫറി മഞ്ഞക്കാർഡ് കാട്ടുകയും മൊഹമ്മദൻസിന് അനുകൂലമായി പെനാൽറ്റി വിധിക്കുകയും ചെയ്തു. കിക്കെടുത്ത മിർയാലാൽ കാസിമോവ് ലക്ഷ്യം തെറ്റാതെ പന്ത് വലയ്ക്കുള്ളിലാക്കുകയായിരുന്നു. ഈ ഗോളിന് ആദ്യ പകുതിയിൽ മൊഹമ്മദൻസ് ലീഡ് ചെയ്തു. ആദ്യ പകുതിയുടെ അവസാന സമയത്ത് ബ്ളാസ്റ്റേഴ്സ് അസ്ഹറിനെ വലിച്ച് ഡാനിഷ് ഫറൂഖിനെ കളത്തിലിറക്കി.
രണ്ടാം പകുതിയിൽ ഗോൾ മടക്കാനുറച്ചായിരുന്നു ബ്ളാസ്റ്റേഴ്സിന്റെ നീക്കങ്ങൾ.67-ാം മിനിട്ടിൽ സദോയ്‌യുടെ പാസിൽ നിന്ന് ഖ്വാമി പെപ്റയാണ് സമനില ഗോൾ നേടിയത്.75-ാം മിനിട്ടിൽ ഹുയിദ്റോം നവോച്ച സിംഗിൽ നിന്ന് ലഭിച്ച പാസുമായി ജീസസ് ജിമിനെസ് വിജയഗോൾ നേടുകയും ചെയ്തു.
സീസണിലെ ബ്ളാസ്റ്റേഴ്സിന്റെ രണ്ടാം ജയമാണിത്. ഇതോടെ അഞ്ചുമത്സരങ്ങളിൽ എട്ടുപോയിന്റുമായി ബ്ളാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ അഞ്ചാമതേക്ക് ഉയർന്നു.