nz-vs-sa

ദുബായ്: ഐസിസി വിമണ്‍സ് ട്വന്റി 20 ലോകകപ്പ് കിരീടം ന്യൂസിലാന്‍ഡിന്. പുരുഷ ടീമിന് പിന്നാലെ ദക്ഷിണാഫ്രിക്കയുടെ വനിതാ ടീമിനും ഫൈനലില്‍ കാലിടറി. 32 റണ്‍സിനാണ് ന്യൂസിലാന്‍ഡിന്റെ വിജയം. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ അമേലിയ ഖേര്‍ ആണ് വിജയശില്‍പി. ബാറ്റിംഗില്‍ 43 റണ്‍സെടുത്ത താരം ബൗളിംഗില്‍ മൂന്ന് വിക്കറ്റുകളും വീഴ്ത്തി. സെമിയില്‍ ഓസീസിനെതിരെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച ടീമിന്റെ നിഴല്‍ മാത്രമായിരുന്നു ഫൈനലില്‍ ദക്ഷിണാഫ്രിക്ക. കഴിഞ്ഞ തവണയും ഫൈനലില്‍ പ്രവേശിച്ച ദക്ഷിണാഫ്രിക്കയ്ക്ക് തോല്‍വിയായിരുന്നു ഫലം.

സ്‌കോര്‍: ന്യൂസിലാന്‍ഡ്: 158-5 (20) | ദക്ഷിണാഫ്രിക്ക 126-9 (20)

159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആഫ്രിക്കന്‍ വനിതകളുടെ പോരാട്ടം 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സില്‍ അവസാനിച്ചു. ഒന്നാം വിക്കറ്റില്‍ 6.5 ഓവറില്‍ 51 റണ്‍സിന്റെ മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ ദക്ഷിണാഫ്രിക്കയ്ക്ക് നല്‍കിയത്. ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ട് 33(27), തസ്മീം ബ്രിറ്റ്‌സ് 17(18) എന്നിവര്‍ക്ക് ശേഷം ആര്‍ക്കും പിടിച്ചുനില്‍ക്കാന്‍ കഴിയാത്തതാണ് അവര്‍ക്ക് വിനയായത്. സെമിയില്‍ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം നടത്തിയ അനീക് ബോഷിന് ഫൈനലില്‍ 9(13) റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ.

ന്യൂസിലാന്‍ഡിന് വേണ്ടി അമേലിയ ഖേറിന് പുറമേ റോസ്‌മേരി മയറും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഈഡന്‍ കാര്‍സണ്‍, ഫ്രാന്‍ ജൊനാസ്, ബ്രൂക് ഹാലിഡേ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ലോകകപ്പിന് മുമ്പ് തുടര്‍ച്ചയായി പത്ത് മത്സരങ്ങള്‍ തോല്‍വി വഴങ്ങിയാണ് ന്യൂസിലാന്‍ഡ് യുഎഇയില്‍ എത്തിയത്. സാദ്ധ്യതകളുടെ വിദൂര സങ്കല്‍പ്പങ്ങളില്‍പ്പോലും അതുകൊണ്ട് തന്നെ ഈ ടീം ഇടംപിടിച്ചതുമില്ല. ഒടുവില്‍ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നത് ലോകകപ്പുമായി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡിന് വേണ്ടി 38 പന്തില്‍ നിന്ന് 43 റണ്‍സെടുത്ത അമേലിയ ഖേര്‍ ആണ് ടോപ് സ്‌കോറര്‍. സൂസി ബെയ്റ്റ്‌സ് 32(31), ബ്രൂക് ഹാലിഡേ 38(28) എന്നിവരും മികച്ച പ്രകടനം ഫൈനലില്‍ പുറത്തെടുത്തു. മാഡി ഗ്രീന്‍ 12*(6) പുറത്താകാതെ നിന്നു. ഓപ്പണര്‍ ജോര്‍ജിയ പ്ലിമര്‍ 9(7), സോഫി ഡിവൈന്‍ 6(10) റണ്‍സ് വീതം നേടി പുറത്തായി. വിക്കറ്റ് കീപ്പര്‍ ഇസബെല്‍ ഗേസ് മൂന്ന് റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഓന്‍കുലുലേകോ ലാബ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി.