
ആലപ്പുഴ: കിസാൻ കോൺഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് ലാൽ വർഗീസ് കൽപ്പകവാടി (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി 9.30 ഓടെയായിരുന്നു അന്ത്യം. ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് വർഗീസ് വൈദ്യന്റെ മകനാണ്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഡ്രൈവ് ഇൻ റസ്റ്റോറന്റെന്ന് വിശേഷിപ്പിക്കാവുന്നതും ആലപ്പുഴയിൽ തോട്ടപ്പള്ളിക്ക് സമീപത്തെ പ്രശസ്തമായതുമായ കൽപ്പകവാടി മോട്ടലിന്റെ ഉടമയായിരുന്നു. സാറാമ്മാ വർഗീസാണ് മാതാവ്.
കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു ജനനമെങ്കിലും വിദ്യാഭ്യാസകാലം മുതലേ കോൺഗ്രസ് ചിന്താഗതിയിലേക്ക് മാറി . ഇന്ദിരാഗാന്ധിയോടും കെ. കരുണാകരനോടുമുള്ള ആരാധനയും ബന്ധവും ലാൽ വർഗീസ് കൽപകവാടിയെ കറകളഞ്ഞ കോൺഗ്രസുകാരനാക്കി മാറ്റി. 1980-ൽ കർഷക കോൺഗ്രസിന്റെ സംസ്ഥാന ട്രഷറർ ആയി. 45 വർഷം കർഷക കോൺഗ്രസിൽ ഉറച്ചുനിന്നു. സംസ്ഥാന ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, 17 വർഷം സംസ്ഥാനപ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
ദേശീയതലത്തിലും സംസ്ഥാനത്തും നിരവധി കർഷക പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി ശ്രദ്ധേയനായ ലാലിനെ 2016ൽ കിസാൻ കോൺഗ്രസ് ദേശീയ കോ- ഓഡിനേറ്ററായി എ.ഐ.സി.സി നിയമിച്ചു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഹോൾട്ടികോർപ്പ് ചെയർമാനായി 5 വർഷം പ്രവർത്തിച്ചു. 2020- ൽ യു ഡി എഫ് സ്ഥാനാർത്ഥിയായി രാജ്യസഭയിലേക്ക് മത്സരിച്ചു. നിലവിൽ കേരള കർഷക ക്ഷേമനിധി ബോർഡിലെ ഏക പ്രതിപക്ഷ അംഗമായിരുന്നു. ഭാര്യ: സുശീല. മകൻ : അംബു. മരുമകൾ : അന്നാമോൾ. തിരക്കഥാകൃത്തും തോട്ടപ്പള്ളി കൽപ്പകവാടി ഇന്നിന്റെ ഉടമയുമായ ചെറിയാൻ കൽപ്പകവാടി സഹോദരനാണ്. സംസ്കാരം. ചൊവ്വാഴ്ച നടക്കും.