vcb

കൽപ്പറ്റ: എൻ.ഡി.എ സ്ഥാനാർത്ഥി ചിത്രം കൂടി തെളിഞ്ഞതോടെ വയനാട്ടിൽ ഇനി അങ്കം. ഏവരെയും ഞെട്ടിച്ച് കോഴിക്കോട്ടുകാരി നവ്യാ ഹരിദാസാണ് എൻ.ഡി.എ സ്ഥാനാർത്ഥി. യു.ഡി.എഫ് സ്ഥാനാത്ഥിയായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധിയുടെ സ്ഥാനാർത്ഥിത്വം നേരത്തെ നേതൃത്വം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഇടത് മുന്നണിയിലെ സി.പി.ഐ തങ്ങളുടെ സ്ഥാനാർത്ഥി സത്യൻ മൊകേരിയാണെന്ന് പ്രഖ്യാപിച്ചത്.

വയനാട്ടിൽ സത്യൻ മൊകേരിയുടെ രണ്ടാം അങ്കമാണ്. 2014ൽ കോൺഗ്രസിലെ തലമുതിർന്ന നേതാവ് എം.ഐ.ഷാനവാസിനോട് 20,018 വോട്ടുകൾക്കാണ് സത്യൻ മൊകേരി പരാജയപ്പെട്ടത്. വയനാടുമായി ഏറെ ബന്ധമുളള സത്യൻ മൊകേരി സ്ഥാനാർത്ഥിയായതോടെ ഇടത് കേന്ദ്രങ്ങൾ വൻ ആവേശത്തിലാണ്. യു.ഡി.എഫ് സ്ഥാനാത്ഥി പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിനായി നിയമസഭാ മണ്ഡലതല കൺവെൻഷനുകൾ നടന്നു വരുകയാണ്. മണ്ഡലങ്ങളുടെ മുക്കിലും മൂലയിലും നിന്ന് യു.ഡി.എഫ് പ്രവർത്തകർ കൺവെൻഷനുകളിൽ പങ്കെടുക്കാനെത്തി. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഉൾപ്പെടെ യു.ഡി.എഫ് നേതാക്കൾഎല്ലാ കൺവെൻഷനുകളിലും മാറിമാറി പങ്കെടുത്തു.സ്ഥാനാത്ഥിയെ പ്രഖ്യാപിച്ചതോടെ എൻ.ഡി.എ ക്യാമ്പുകളും ഉണർന്നു. എൻ.ഡി.എ സ്ഥാനാർത്ഥി നവ്യാ ഹരിദാസ് പ്രചാരണ പ്രവർത്തനങ്ങളുമായി ഇന്ന് ചുരം കയറി വയനാട്ടിലെത്തും. റോഡ് ഷോയോടെ എൻട്രി നടത്താനാണ് നീക്കം.