
മസ്‌കറ്റ്: നിരവധി ഗള്‍ഫ് രാജ്യങ്ങളാണ് പ്രവാസികളെ വിവിധ തൊഴില്‍ മേഖലയില്‍ നിന്ന് ഒഴിവാക്കുകയും സ്വദേശിവത്കരണം ശക്തമാക്കുകയും ചെയ്യുന്നത്. ഇപ്പോഴിതാ രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ ഒമാനികളെ സൂപ്പര്‍വൈസര്‍മാരായും മാനേജര്‍മാരായും നിയമിക്കണമെന്ന് കമ്പനികളോട് നിര്‍ദേശിച്ചിരിക്കുകയാണ് ഒമാന്‍ തൊഴില്‍ മന്ത്രാലയം. നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കമ്പനികള്‍ക്ക് മന്ത്രാലയം നോട്ടീസയക്കുകയും ചെയ്തു.
രാജ്യത്തെ പൗരന്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഒമാന്‍ തൊഴില്‍ മന്ത്രാലയം ഊര്‍ജിതമാക്കുകയാണ്. നോട്ടീസ് ലഭിച്ച് ഒരു മാസത്തിനുള്ളില്‍ തന്നെ ഇത് സംബന്ധിച്ച് നടപടിക്രമങ്ങള്‍ ആരംഭിക്കണമെന്നാണ് മന്ത്രാലയം കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി തൊഴില്‍ മന്ത്രാലയം നല്‍കുന്ന തൊഴില്‍ സംരംഭങ്ങളില്‍ നിന്ന് സ്ഥാപനങ്ങള്‍ക്ക് പ്രയോജനം ലഭിക്കും.
വിശാലമായ ലക്ഷ്യത്തിന് വേണ്ടി ഒരുമിച്ച് നില്‍ക്കുകയും സ്വദേശി തൊഴിലാളികളെ റിക്രൂട്ട് ചെയ്ത കമ്പനികള്‍ക്കും മന്ത്രാലയം നന്ദി പറഞ്ഞു. അവര്‍ക്ക് തൊഴില്‍ സ്ഥിരത കൈവരിക്കുന്നതിലും സര്‍ക്കാര്‍ മേഖലയുമായുള്ള അടുപ്പത്തെയും തങ്ങള്‍ വിലമതിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, മറ്റൊരു ഗള്‍ഫ് രാജ്യമായ സൗദി അറേബ്യയില്‍ ആരോഗ്യമേഖലയില്‍ സ്വദേശിവത്കരണം നടപ്പിലാക്കാനാണ് തീരുമാനം. ആരോഗ്യ മേഖലയില്‍ റേഡിയോളജി, മെഡിക്കല്‍ ലാബോറട്ടറി, ഫിസിയോതെറാപ്പി തുടങ്ങിയ മേഖലകളില്‍ സ്വദേശിവല്‍ക്കരണം കര്‍ശനമാക്കും. സൗദി മാനവവിഭവശേഷി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
അടുത്ത വര്‍ഷം ഒക്ടോബറോടെ രാജ്യം മുഴുവനായി ഈ നിയമം നടപ്പിലാക്കുന്നതിനാണ് സൗദി ലക്ഷ്യമിടുന്നത്. രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും സ്വദേശിവത്കരണം നടപ്പിലാക്കുക. ഒന്നാം ഘട്ടത്തില്‍ പ്രധാന നഗരങ്ങളായ റിയാദ്, ജിദ്ദ, ദമാം, അല്‍ ഖോബാര്‍, മക്ക, മദീന എന്നിവിടങ്ങളിലായിരിക്കും സ്വദേശവത്കരണം നടപ്പിലാക്കുക. കേരളത്തില്‍ നിന്ന് ആരോഗ്യ മേഖലയില്‍ കൂടുതല്‍ ആളുകള്‍ സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നത് ഈ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ്.