us-army

ലോകത്ത് ഏറ്റവുമധികം സൈനികശക്തിയുള്ള രാജ്യമാണ് അമേരിക്ക. ഏകദേശം 9,54,875 പേരാണ് അമേരിക്കൻ സൈന്യത്തിൽ ജോലിനോക്കുന്നത്. സ്വന്തം രാജ്യത്തിന്റെ അതിരുകാക്കുന്നതോടൊപ്പം സഖ്യരാജ്യങ്ങളുടെ സംരക്ഷണവും അമേരിക്കൻ സൈന്യം ചെയ്യാറുണ്ട്. അതിനാൽ തന്നെ പശ്ചിമേഷ്യയിലടക്കം അമേരിക്കൻ സൈന്യത്തിന് പോരാട്ടങ്ങളിൽ ഏർപ്പെടേണ്ടി വരുന്നു. ഈ സമയം സൈനികർക്ക് സംഭവിക്കുന്ന വലിയൊരു പ്രശ്‌നമാണ് പരിക്കുകൾ. റോക്കറ്റുകളോ, ഡ്രോൺ ആക്രമണമോ മൈൻ ആക്രമണമോ കാരണമെല്ലാം പലപ്പോഴും ജീവൻ നഷ്‌ടമാകും. ഇതോടൊപ്പം മാരകമായ പരിക്കും ഏൽക്കാം.

സൈനികർക്ക് ഏൽക്കുന്ന പരിക്കുകളിൽ വളരെ ഗൗരവമേറിയതും അമേരിക്കൻ സൈന്യത്തിനെ കുഴക്കുന്നതുമായ ഒന്നാണ് തലയ്‌ക്കേൽക്കുന്ന ക്ഷതം. യുഎസ് സ്‌പെഷ്യൽ ഓപ്പറേഷൻസ് കമാന്റ് സ്‌ഫോടനത്തെ കുറിച്ച് നിരീക്ഷിച്ച് അതിന്റെ ആഘാതം സൈനികരിൽ കുറയ്‌ക്കുന്നതിനുള്ള പദ്ധതി ആലോചിക്കുകയാണ്. പരിശീലന കാലത്ത് തന്നെ ഇവ മനസിലാക്കാനാണ് ശ്രമം.

സ്‌ഫോടനം കാരണം അമിത മ‌ർദ്ദം കൊണ്ട് തലച്ചോറിനടക്കം പരിക്കേറ്റ് പ്രശ്‌നങ്ങളുമായി ജീവിക്കുന്ന സൈനികരുടെ കൃത്യമായ എണ്ണം ശേഖരിച്ചിട്ടില്ല എന്നാണ് അമേരിക്കൻ പ്രതിരോധ വകുപ്പ് പറയുന്നത്. എന്നാൽ അവ വളരെ കൂടുതലാണ് എന്നതാണ് സത്യം. മിസൈൽ ആക്രമണങ്ങൾ, സ്‌ഫോടനങ്ങൾ എന്നിവയുണ്ടാകുന്ന സ്ഥലങ്ങളിൽ ജോലി നോക്കുന്നവർക്ക് ഇത് സ്ഥിരം പ്രശ്‌നമാണ്. മസ്‌തിഷ്‌ക പ്രശ്‌നങ്ങൾ നേരിട്ടവർക്ക് പലർക്കും ഇതിൽ നിന്നും മോചിതരാകാൻ പൂ‌ർണമായും സാധിച്ചിട്ടില്ല.

troops

20000ത്തോളം സൈനികർക്കാണ് മസ്‌തിഷ്‌കത്തിന് ഏതെങ്കിലും തരത്തിൽ പരിക്കേറ്റിട്ടുള്ളതായി കഴിഞ്ഞ വർഷം കണ്ടെത്തിയത്. അമേരിക്കൻ പ്രതിരോധ വകുപ്പിലെ ട്രോമാറ്റിക് ബ്രെയിൻ ഇഞ്ചുറി സെന്റർ ഓഫ് എക്‌സലൻസ് വകുപ്പ് നൽകുന്ന വിവരമനുസരിച്ച് ഈ വർഷം 20,000 സൈനികർക്ക് മസ്‌തിഷ്‌കത്തിന് പരിക്കുണ്ടായിട്ടുണ്ട്. 2000 മുതൽ ഇങ്ങോട്ട് അഞ്ച് ലക്ഷം പേർക്കാണ് ഇത്തരം പ്രശ്‌നമുണ്ടെന്ന് കണ്ടെത്തിയത്. തലച്ചോറിനേൽക്കുന്ന പരിക്ക് കാരണമുള്ള പ്രശ്‌‌നങ്ങൾ രാജ്യത്ത് അംഗവൈകല്യത്തിനും മരണത്തിനും ഇടയാക്കുന്ന പ്രധാന കാരണങ്ങളിൽ ഒന്നാണ്.

തലയോട്ടിക്കും മാരക പരിക്കേൽപ്പിക്കുന്ന ഈ പ്രശ്‌നങ്ങൾ ഹ്രസ്വകാലത്തേക്കും ദീർഘ കാലത്തേക്കും ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. വിവിധ സ്‌ഫോടനങ്ങൾ മൂലമുള്ള അമിത സമ്മ‌ർദ്ദത്തിന്റെ ആഘാതം ഉദ്യോഗസ്ഥരിൽ ഉണ്ടാക്കുന്ന പ്രശ്‌നം തിരിച്ചറിയാനും മനസ്സിലാക്കാനും തങ്ങൾ ബാദ്ധ്യസ്ഥരാണെന്ന് യുഎസ് സ്‌പെഷ്യൽ ഓപ്പറേഷൻസ് കമാൻഡ് തലവൻ ജനറൽ ബ്രയാൺ ഫെന്റൺ പറഞ്ഞു.

മസ്‌തിഷ്‌കത്തിനേറ്റ പരിക്കുകളുടെ ലക്ഷണങ്ങൾ അവയുടെ തീവ്രതയ്‌ക്കനുസരിച്ച് വ്യത്യാസപ്പെടാം. എന്നാലും മിക്കവാറും ഉണ്ടാകാറുള്ള ലക്ഷണങ്ങൾ ചിന്തിക്കാനും ഓർക്കാനുമുള്ള പ്രയാസം, സാമൂഹികവും വൈകാരികവുമായ പ്രശ്‌നങ്ങൾ, ക്ഷീണം, ഓക്കാനം, ബാലൻസ് നിലനിർത്താനുള്ള പ്രയാസം, തലവേദന, കാഴ്‌ചയിലെ പ്രശ്നം എന്നിവയാണ്.

shield

സ്‌ഫോടനത്തിൽ നിന്നും പ്രതിരോധിക്കാനുള്ള പ്രത്യേകതരം പരിച സൈന്യം ഉപയോഗിക്കുന്നുണ്ട്. ഇത് സ്‌ഫോടന തരംഗത്തിൽ നിന്ന് 40-60 ശതമാനം വരെ കുറവ് വരുത്തുന്നു. ഈ ഉപകരണത്തിൽ കൂടുതൽ ഗവേഷണം ഇപ്പോൾ നടക്കുന്നുമുണ്ട്. ഇതോടൊപ്പം ചെറിയ മോണിറ്ററുകളോ, സെൻസറോ സൈനികർ ധരിക്കാറുണ്ട്. ഇതിലൂടെ സ്‌ഫോടനത്തിന്റെ ആവൃത്തി അവർക്ക് മനസിലാക്കാൻ സാധിക്കുമെന്നും യുഎസ് സ്‌പെഷ്യൽ ഓപ്പറേഷൻസ് അധികൃതർ കരുതുന്നു.