modi

മാലെ: പണമിടപാടുകൾ സുഗമമാക്കുന്നതിലൂടെ കൂടുതൽ ഇന്ത്യൻ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന പദ്ധതിക്ക് തുടക്കമിട്ട് മാലദ്വീപ്. ഇന്ത്യയുടെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) സേവനം മാലദ്വീപിൽ അവതരിപ്പിക്കുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പ്രസിഡന്റ് മുഹമ്മദ് മുയിസു നിർദേശം നൽകി.

ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈകൊണ്ടത്. പദ്ധതി മാലദ്വീപിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് കാര്യമായ നേട്ടങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായി കഴിഞ്ഞ ദിവസം പ്രസിഡന്റിന്റെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. സാമ്പത്തിക ഇടപാടുകളിൽ മെച്ചപ്പെട്ട കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനൊപ്പം ഡിജിറ്റൽ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുമെന്നും പ്രസ്‌താവനയിൽ വ്യക്തമാക്കുന്നു.

മാലദ്വീപിൽ യുപിഐ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി കൺസോർഷ്യം രൂപീകരിക്കാൻ പ്രസിഡന്റ് തീരുമാനിച്ചു. ഇതിൽ ബാങ്കുകൾ, ടെലികോം കമ്പനികൾ, സർക്കാർ സ്ഥാപനങ്ങൾ, ഫിൻടെക് കമ്പനികൾ തുടങ്ങിയവയെ ഉൾപ്പെടുത്തും. കൺസോർഷ്യത്തിന് നേതൃത്വം നൽകുന്നതിനായി ട്രേഡ് നെറ്റ് മാലദ്വീപ്‌സ് കോർപ്പറേഷൻ ലിമിറ്റഡിനെ ചുമതലപ്പെടുത്തി.

യുപിഐ സ്ഥാപിക്കുന്നതിന് മേൽനോട്ടം വഹിക്കുന്നത് സാമ്പത്തിക വികസന വാണിജ്യ മന്ത്രാലയമാണ്. ഇവരെ നയിക്കാൻ ധനമന്ത്രാലയം, ആഭ്യന്തര സുരക്ഷ, സാങ്കേതിക മന്ത്രാലയം, മാലദ്വീപ് മോണിറ്ററി അതോറിറ്റി എന്നിവ ഉൾപ്പെടുന്ന ഒരു ഇന്റർ ഏജൻസി കോർഡിനേഷൻ ടീമിനെ രൂപീകരിക്കാനും പ്രസിഡന്റ് തീരുമാനിച്ചതായും ഓഫീസ് പുറത്തുവിട്ട പ്രസ്‌താവനയിൽ പറയുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറിന്റെ മാലദ്വീപ് സന്ദർശനത്തിനിടെ യുപിഐ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ധാരണാപത്രത്തിൽ ഒപ്പുവച്ചിരുന്നു.