air-hostess-

സാധാരണക്കാർക്ക് വിമാനയാത്ര എന്നും കൗതുകം നിറഞ്ഞതാണ്. എയർഹോസ്റ്റസുമാരുടെ പെരുമാ​റ്റവും വസ്ത്രധാരണരീതിയും മറ്റൊരു കാരണമാണ്. പല വിമാനക്കമ്പനികളിലെയും എയർഹോസ്റ്റസുമാരുടെ യൂണിഫോമുകൾ വ്യത്യസ്തമാണെങ്കിലും എല്ലാവരും ഒരു കാര്യത്തിൽ സമാനത പുലർത്തുന്നുണ്ട്. കൂടുതൽ എയർഹോസ്​റ്റസുമാരും ഹൈ ഹീലുകളാണ് ധരിക്കാറുളളത്. ഇതിനുപിന്നിലെ കാരണം എന്താണെന്ന് നോക്കാം.

ചിലർ സോഷ്യൽ മീഡിയ പ്ലാ​റ്റ്‌ഫോമായ ക്വോറയിലും ഈ സംശയം ചോദിച്ചിരുന്നു. വില്യം വുഡ് എന്ന വ്യക്തി നൽകിയ ഉത്തരമാണ് ഇപ്പോൾ വൈറലാകുന്നത്. '1966 മുതൽ 1976 വരെയുളള കാലഘട്ടത്തിൽ പസഫിക് സൗത്ത് വെസ്​റ്റ് എയർലൈൻസിൽ എയർഹോസ്​റ്റസുമാർ മിനി സ്‌കേർട്ടുകൾ ധരിക്കുന്നത് പതിവായിരുന്നു. ഇതിനോടൊപ്പം അവർ ഹൈ ഹീലുകളും അണിയുമായിരുന്നു.

ഇത് വിമാനത്തിൽ യാത്ര ചെയ്യാനെത്തുന്ന പുരുഷൻമാരെ ആകർഷിപ്പിച്ചിരുന്നു. ഇതിലൂടെ കൂടുതൽ പുരുഷൻമാർ യാത്ര ചെയ്യാനെത്തുമെന്ന് കരുതിയാണ് വിമാനക്കമ്പനി എയർഹോസ്റ്റസുമാരോട് ഹൈ ഹീൽ അണിയാൻ ആവശ്യപ്പെട്ടത്'- വില്യം വുഡ് സോഷ്യൽ മീഡിയയിൽ കുറിച്ചു.ഇതോടെ വില്യമിന്റെ മറുപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകൾ രംഗത്തെത്തിയിരുന്നു.

അതേസമയം, സ്‌കൈലാർക്ക് ഇൻസ്​റ്റി​റ്റ്യൂട്ട് അവരുടെ ഔദ്യോഗിക വെബ്‌സൈ​റ്റിലും എയർഹോസ്റ്റസുകൾ ഹൈ ഹീലുകൾ അണിയുന്നതിനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. 'അതത് വിമാനക്കമ്പനികൾ മുന്നോട്ടുവയ്ക്കുന്ന നിബന്ധനകൾ അനുസരിച്ചാണ് എയർഹോസ്റ്റസുകൾ അവരുടെ വസ്ത്രധാരണത്തിൽ മാറ്റം വരുത്തുന്നത്.

പണ്ടുമുതൽക്കേ സ്ത്രീകൾ ഹൈ ഹീലുകൾ ധരിക്കാറുണ്ട്.അവർ ധരിക്കുന്ന ഫോർമൽ വസ്ത്രങ്ങൾ ഹൈ ഹീലുകൾ അനുയോജ്യമാണ്. ഇത് അവരെ കൂടുതൽ സുന്ദരികളാക്കുന്നു. മ​റ്റുളളവരിൽ നിന്നും വേറിട്ട രീതിയിലാകാനും സഹായിക്കും. എന്നാൽ ഹൈൽ ഹീലുകൾ അണിയുന്നത് സ്ത്രീകളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന് മനസിലായതോടെ പല കമ്പനികളും നിയമത്തിൽ മാ​റ്റം വരുത്തുകയായിരുന്നു'-സ്കൈലാർക്ക് വ്യക്തമാക്കി.

ചൈനീസ് വിമാനക്കമ്പനിയായ എയർ ട്രാവൽ എയർഹോസ്​റ്റസുമാരോട് ഹൈ ഹീൽ കർശനമായി ധരിക്കണമെന്ന നിബന്ധന മുന്നോട്ടുവച്ചിട്ടില്ലെന്നാണ് സൗത്ത് ചൈന മോർണിംഗ് പോസ്​റ്റ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.