
തിരുവനന്തപുരം: ഇടതുപക്ഷവും സർക്കാരും നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമെന്ന് ആവർത്തിച്ച് മന്ത്രി വി ശിവൻകുട്ടി. നവീന്റെ കുടുംബം അന്വേഷണത്തിൽ തൃപ്തരാണെന്നും എ ഡി എമ്മിന്റെ വീട്ടിൽ ഇന്നലെ പോയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
'സർക്കാർ അതിവേഗതയിലാണ് നടപടിയെടുത്തത്. അന്വേഷണ റിപ്പോർട്ട് വന്നാലുടൻ നടപടിയുണ്ടാകും. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റിന്റെ പേരിൽ കേസെടുത്തു. കൂടാതെ തന്നെ രാജി ആവശ്യപ്പെട്ടു. മറ്റ് കാര്യങ്ങൾ റിപ്പോർട്ട് വന്നതിന് ശേഷം തീരുമാനിക്കും.'- അദ്ദേഹം പറഞ്ഞു.
മന്ത്രി ശിവൻകുട്ടിയെക്കൂടാതെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അടക്കമുള്ളവർ നവീൻ ബാബുവിന്റെ മലയാലപ്പുഴയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചിരുന്നു. പാർട്ടി കുടുംബത്തിനൊപ്പമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
പാർട്ടി എല്ലാ അർത്ഥത്തിലും അന്നും ഇന്നും മരിച്ച നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞിരുന്നു. കണ്ണൂരിലെ പാർട്ടി ആയാലും പത്തനംതിട്ടയിലെ പാർട്ടി ആയാലും പാർട്ടി ഒന്നുതന്നെയാണ്. പാർട്ടിക്ക് ഒറ്റ നിലപാടേയുള്ളു അത് പറയേണ്ടത് ഞാനാണ്. ഞാനിപ്പോൾ പറഞ്ഞതാണ് അവസാന വാക്ക്. അതിന്റെ ഇടയിൽ ആരൊക്കെ എന്ത് പറഞ്ഞിട്ടുണ്ടെന്ന് അന്വേഷിക്കേണ്ട. പാർട്ടിക്കു വേണ്ടി സംസ്ഥാന സെക്രട്ടറിയെന്ന രീതിയിൽ ഞാൻ പറഞ്ഞത് അവസാന വാക്കാണ് - എം വി ഗോവിന്ദൻ വ്യക്തമാക്കി
അതേസമയം,ദിവ്യയെ പ്രതിയാക്കിയിട്ട് ഇന്നേക്ക് നാലു ദിവസമായി. എന്നാൽ ഇതുവരെ അവരെ ചോദ്യം ചെയ്‌തിട്ടില്ല. യുവതി എവിടെയാണെന്ന് പോലും പൊലീസ് അന്വേഷിക്കുന്നില്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.