sunflower

മൂന്നാർ: സൗകുമാര്യം നിറഞ്ഞ വട്ടവടയിലെ പകലുകളെ കൂടുതൽ ആകർഷകമാക്കി സൂര്യകാന്തിപ്പൂക്കൾ പൂത്ത് മഞ്ഞപ്പട്ട് വിരിച്ചു.സൂര്യകാന്തിച്ചെടിയെ ഏവരെയും ആകർഷകർഷിക്കുംവിധം ഒരുക്കിയ മനുഷ്യനുണ്ട്. കോവിലൂർ മന്തയിലെ പൂജാരിവീട്ടിൽ ശിവകുമാർ എന്ന കർഷകൻ. ശീതകാല പച്ചക്കറികളുടെ വിളനിലമാണ് വട്ടവട. അവിടെ കഴിഞ്ഞ പത്ത് വർഷമായി പച്ചക്കറി കൃഷിയിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന ശിവകുമാർ ആറ് വർഷങ്ങൾക്ക് മുൻപാണ് സൂര്യകാന്തി കൃഷിയിലും ഒരു കൈ നോക്കാം എന്ന് കരുതി ഇറങ്ങിയത്. പരീക്ഷണാടിസ്ഥാനത്തിലാണ് കൃഷി ആരംഭിച്ചത്,അത് വെറുതെയായില്ല എന്ന് തെളിയിക്കുകയാണ് പൂത്തുലഞ്ഞു നിൽക്കുന്ന സൂര്യകാന്തിച്ചെടികൾ.

വട്ടവടയിലേക്ക് എത്തുന്ന സഞ്ചാരികളെ ആകർഷിക്കാനാണ് ശിവകുമാർ കൃഷി ആരംഭിച്ചത്. എന്നാൽ ഇന്ന് പൂത്തുലഞ്ഞു നിൽക്കുന്ന പൂക്കൾ കണ്ട് സന്തോഷം പങ്ക് വെയ്ക്കുകയാണ് ഈ 48കാരൻ. ശീതകാല പച്ചക്കറിയുടെ മണ്ണിൽ പൂക്കളെയും മനോഹരമായി ഉൾക്കൊള്ളിച്ച് കൃഷിയിടത്തെ സുന്ദരിയാക്കിയിരിക്കുകയാണ് ഇദ്ദേഹം. തട്ടുതട്ടായി കൃഷിയിടങ്ങൾ ഒരുക്കിയിട്ടുള്ള വട്ടവടയുടെ ഭൂപ്രകൃതി ഏറെ മനോഹരമാണ്. ഈ കാഴ്ച്ചകൾ കണ്ട് വട്ടവടയുടെ കുളിരാശ്വദിച്ച് മടങ്ങാനാണ് സഞ്ചാരികൾ വട്ടവടയിലേക്കെത്തുന്നത്. അവിടെ സൂര്യകാന്തി പൂക്കളും അഴക് വിരിയിച്ച് നിൽക്കുന്ന കാഴ്ച്ചയും ആരെയും ആകർഷിക്കുന്നതാണ്.

ഇനിയുമുണ്ട് താരങ്ങൾ

ഒരേക്കറോളം വരുന്ന കൃഷിയിടത്തിൽ സ്റ്റോബറി, ബ്ലാക്ക് ബെറി എന്നിവയ്ക്കു പുറമേ ക്യാരറ്റും, കാബേജുമെല്ലാം കൃഷി ചെയ്യുന്നു. നിരനിരയായി പൂവിട്ടു നിൽക്കുന്ന വലിപ്പമേറിയ സൂര്യകാന്തിച്ചെടികൾ സഞ്ചാരികളെ ആകർഷിക്കാൻ പോന്നതാണ്. സൂര്യകാന്തി പൂക്കളുടെ ഭംഗിയാസ്വദിക്കാൻ സഞ്ചാരികളും ശിവകുമാറിന്റെ കൃഷിയിടത്തിലേക്ക് എത്തുന്നു.കൃഷികൂടാതെ പഴങ്ങളുടെ അച്ചാറും, വൈനും ഉണ്ടാക്കി നൽകുന്നുണ്ട്. അദ്ദേഹത്തിന്റെ കൃഷിയിൽ സഹായിക്കാനായി ഭാര്യ കാളീശ്വരിയും മക്കളായ പ്ലസ്റ്റു കാരനായ മുത്തു ആണ്ടവനും, ഒൻപതാംക്ളാസ്സുകാരനായ മകൻ സുരേഷ് കുമാറും അമ്മ ജാനകിയും ഒപ്പമുണ്ട്.


' പരീക്ഷണാടിസ്ഥാനത്തിൽ വിത്തിറക്കിയ സൂര്യകാന്തിച്ചെടികളാണ് പൂവിട്ടിങ്ങനെ മനോഹരമായി നിൽക്കുന്നത്. സൂര്യകാന്തി പൂക്കളുടെ ഭംഗിയാസ്വദിക്കാൻ സഞ്ചാരികളും കൃഷിയിടത്തിലേക്ക് എത്തുന്നുണ്ട്. കൂടുതൽ കർഷകർ സൂര്യകാന്തി കൃഷിയിലേക്ക് തിരിഞ്ഞാൽ സഞ്ചാരികളെ അധികമായി കൃഷിയിടങ്ങളിലേക്കാകർഷിക്കാം'

ശിവകുമാർ