
ശ്രീനാരായണ ധർമ്മ പ്രചാരണത്തിന് ഏറെ സംഭാവനകൾ നൽകിയ സന്യാസിനിയാണ് കഴിഞ്ഞ ദിവസം സമാധി പ്രാപിച്ച മാതാ ഗുരുചൈതന്യമയി. ജീവിതകാലം മുഴുവൻ ഗുരുദേവ സന്ദേശ പ്രചാരണത്തിലും ആദ്ധ്യാത്മചര്യയിലും നിഷ്ഠ പുലർത്തിയ മാതാജിക്ക് ഗുരുദേവന്റെ ശിഷ്യ പ്രശിഷ്യരായ സന്യാസിമാരുമായി അടുത്ത ആത്മബന്ധം പുലർത്തുവാൻ സാധിച്ചിട്ടുണ്ട്. സ്വാമി ശ്രീനാരായണ തീർത്ഥർ, സ്വാമി മാധവനന്ദ, നടരാജഗുരു തുടങ്ങിയ ഗുരുശിഷ്യരെ നേരിൽ ദർശിക്കുവാനും ആത്മീയ ഉപദേശം നേടുവാനും മാതാജിക്ക് ബാല്യകാലം മുതൽ തന്നെ അവസരമുണ്ടായി.
തങ്കമ്മ എന്നായിരുന്നു മാതാജിയുടെ പൂർവ്വാശ്രമനാമം. പത്തനംതിട്ട ജില്ലയിലെ പുതുശ്ശേരിമലയാണ് ജന്മദേശം. ബാല്യകാലം മുതൽക്കേ ആത്മീയ ജീവിതത്തിൽ തല്പരയായിരുന്ന തങ്കമ്മ കുടുംബ ജീവിതത്തിൽ പ്രവേശിക്കുവാൻ ആഗ്രഹിച്ചില്ല. ശിവഗിരിയിലെത്തി തീർത്ഥാടനത്തിലും ധർമ്മമീമാംസാ പരിഷത്തിലും പങ്കുകൊണ്ട് സന്യാസിമാരിൽ നിന്നും വിദ്വാന്മാരിൽ നിന്നും ഗുരുദേവകൃതികളിലും ആത്മീയ വിഷയങ്ങളിലും അറിവു നേടി. സംഗീതജ്ഞയായിരുന്ന തങ്കമ്മ ചിറ്റാർ ഹൈസ്‌കൂളിൽ സംഗീതാദ്ധ്യാപികയായിരുന്നു. അതിനിടയിലും ഗുരുദേവ സന്ദേശ പ്രചാരണത്തിനും സാമൂഹിക സേവനത്തിനും സമയം കണ്ടെത്തി. ഗുരുദേവ കൃതികൾക്ക് സംഗീതം നൽകി ആലപിക്കുന്നതിലും, കുട്ടികളെ ഗുരുകൃതികൾ പഠിപ്പിച്ച് പ്രചരിപ്പിക്കുന്നതിലും പ്രഭാഷണങ്ങൾ നടത്തുന്നതിലും തല്പരയായിരുന്നു.
ഗുരുധർമ്മ
പ്രചാരക
ഈശ്വരോമുഖമായ ശ്രദ്ധയും ഭക്തിയും നിഷ്ഠയും വർദ്ധിച്ച തങ്കമ്മ ടീച്ചർ ശിവഗിരിയിൽ നിന്ന് ഗുരുധർമ്മ പ്രചാരണ സഭ സ്ഥാപിതമായപ്പോൾ അതിന്റെ ആദ്യകാല ധർമ്മ പ്രചാരകയായി. 1981-ൽ സ്വാമി ഗീതാനന്ദ പ്രസിഡന്റായും, സ്വാമി നിഷ്‌കളാനന്ദ ജനറൽ സെക്രട്ടറിയുമായി രൂപംകൊണ്ട ആദ്യ കമ്മിറ്റിയിലെ അംഗമായിരുന്നു തങ്കമ്മ ടീച്ചർ. ഗുരുധർമ്മ പ്രചാരണ സഭയുടെ ആഭിമുഖ്യത്തിൽ രാജ്യമൊട്ടാകെ നടന്ന ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്തുകളിൽ ക്ലാസെടുക്കാനും പ്രഭാഷണങ്ങൾക്കും ടീച്ചർ മുൻപന്തിയിൽ ഉണ്ടായിരുന്നു. നിഷ്‌കളാനന്ദ സ്വാമികൾ, സർവേശ്വരാനന്ദ സ്വാമികൾ തുടങ്ങിയ സന്യാസിവര്യന്മാരിൽ നിന്ന് ഗുരുദേവ കൃതികളും ഉപനിഷത്തുകളും ആദ്ധ്യാത്മിക ഗ്രന്ഥങ്ങളും പഠിച്ചു.
പുതുശ്ശേരിമലയിൽ ഉള്ള സ്വന്തം ഭവനം ഒരു ആശ്രമം പോലെയായി. ശിവഗിരിയിലെ പല സന്യാസിമാരും അവിടെ താമസിച്ച് പഠന ക്ലാസുകൾ എടുത്തിട്ടുണ്ട്. തുടർച്ചയായി ധർമ്മമീമാംസാ പരിഷത്തുകളും നടത്തിപ്പോന്നു. തങ്കമ്മ ടീച്ചർ വിരമിച്ചപ്പോൾ മുഴുവൻ സമയ ഗുരുസന്ദേശ പ്രചാരകയായി. ധർമ്മസംഘത്തിന്റെ മുതിർന്ന സന്യാസിവര്യനായ പ്രകാശാനന്ദ സ്വാമികളിൽ നിന്ന് സന്യാസദീക്ഷ സ്വീകരിച്ച് മാതാ ഗുരുചൈതന്യമയി ആയി മാറി. പാലക്കാട് മുണ്ടൂരിൽ മൂന്നു ദിവസങ്ങളായി സച്ചിദാനന്ദ സ്വാമികൾ നടത്തിയ ദിവ്യപ്രബോധന ധ്യാനയജ്ഞ വേദിയിൽ വച്ചായിരുന്നു ചടങ്ങ്. പ്രകാശാനന്ദ സ്വാമികൾ സന്യാസ ദീക്ഷയും മാതാ ഗുരുചൈതന്യമയി എന്ന നാമം സച്ചിദാനന്ദ സ്വാമികളും നൽകി.
കവിമനസുള്ള
സന്യാസിനി
പുതുശ്ശേരിമലയിലുള്ള വീടും വസ്തുക്കളും ശിവഗിരി മഠത്തിന്റെ പേരിൽ എഴുതിവയ്ക്കുകയും ധർമ്മ സംഘത്തിന്റെ ശാഖാ സ്ഥാപനമായി നിശ്ചയിക്കുകയും ചെയ്തെങ്കിലും ചില കാരണങ്ങളാൽ അത് നടപ്പാക്കുവാൻ കഴിഞ്ഞില്ല. അക്കാലത്തു നടന്ന ശ്രീനാരായണ ദിവ്യ പ്രബോധന ധ്യാനയജ്ഞത്തിൽ മാതാ ഗുരുചൈതന്യമയി അവിഭാജ്യ ഘടകമായി. ധ്യാനവേദികളിൽ ഗുരുദേവ കൃതികൾ ആലാപനം ചെയ്യുവാനും പ്രഭാഷണങ്ങൾ നടത്തുവാനും മാതാജി പ്രത്യേക സമയം കണ്ടെത്തി. ധ്യാനയജ്ഞത്തിന്റെ പ്രചാരകരിൽ ഒരാളായിരുന്ന വിശ്രുതാത്മാനന്ദ സ്വാമികൾ മാതാജിക്ക് ഒരു തുണയായി മാറി. വാർദ്ധക്യത്തിലേക്കു പ്രവേശിച്ചപ്പോൾ സഹായമായി കൂടെയുണ്ടായിരുന്നത് വിശ്രുതാത്മാനന്ദ സ്വാമികൾ ആയിരുന്നു. അവസാന നാളുകളിൽ മാതാജി പത്തനാപുരത്തെ ഗാന്ധിഭവനിൽ ആയിരുന്നു.
മാതാജി ധാരാളം കവിതകൾ എഴുതിയിട്ടുണ്ട്. ഗുരുദേവനെ സ്തുതിച്ചും മദ്യത്തിനെതിരായുമാണ് ആ കവിതകളിൽ അധികവും. ഗുരുദേവന്റെ സന്യസ്ത ശിഷ്യ പരമ്പരയിൽ സന്യാസിനിമാർ അധികമുണ്ടായിട്ടില്ല. കുടുംബ ജീവിതത്തിലേക്കു പ്രവേശിക്കാതെ ചെറുപ്പകാലത്തു തന്നെ ആത്മീയ ജീവിതം നയിച്ച് ശ്രീനാരായണ സന്ദേശ പ്രചാരണം ജീവിതവ്രതമാക്കിയ മാതാ ഗുരുചൈതന്യമയിയുടെ നാമധേയം അനശ്വരമായി എക്കാലവും നിലനിൽക്കും. അവർ നിമിത്തമായി ശ്രീനാരായണ സന്ദേശ പ്രചാരണ യജ്ഞത്തിൽ സംഘാടകരായി പ്രവർത്തിക്കുവാൻ ഏറെ സഹോദരിമാർ മുന്നോട്ടു വന്നിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. ഗുരുധർമ്മ പ്രചാരണ സഭയുടെ പോഷക വിഭാഗമായ മാതൃസഭയുടെ പ്രവർത്തനം ശക്തമായി മുന്നേറുന്ന കാലഘട്ടമാണിത്. മാതൃസഭയിൽ ഭക്തകളായ വനിതകളെ പങ്കാളികളാക്കുവാൻ മാതാ ഗുരുചൈതന്യമയി നല്കിയിട്ടുള്ള സേവനങ്ങൾ എന്നും സ്മരണീയങ്ങളാണ്. ഒരു കാലഘട്ടത്തിന്റെ ധർമ്മ പ്രചാരണ സ്മരണകളുമായി മാതാജി എന്നും ഭക്ത മനസുകളിൽ പ്രകാശം ചൊരിഞ്ഞ് നിലകൊള്ളുക തന്നെ ചെയ്യും.