
വാഷിംഗ്ടൺ: യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് പ്രവചനങ്ങളിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് വീണ്ടും മുന്നിൽ. ട്രംപിന് 52 ശതമാനം ജയസാദ്ധ്യതയുണ്ടെന്ന് ഡിസിഷൻ ഡെസ്‌ക് എച്ച്.ക്യു-ദ ഹിൽ സർവേ പറയുന്നു.
ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമല ഹാരിസിന് 42 ശതമാനം സാദ്ധ്യതയാണുള്ളത്. മിഷിഗൺ, വിസ്കോൺസിൻ, അരിസോണ, ജോർജിയ, നോർത്ത് കാരലൈന സ്റ്റേറ്റുകളിൽ ട്രംപ് നില മെച്ചപ്പെടുത്തി. ഡെമോക്രാറ്റുകൾക്കും റിപ്പബ്ലിക്കൻമാർക്കും ഒരു പോലെ പിന്തുണയുള്ള ഏഴ് സ്റ്റേറ്റുകളിൽ (ബാറ്റിൽ ഗ്രൗണ്ട് സ്റ്റേറ്റ്) പെൻസിൽവേനിയയിൽ മാത്രമാണ് കമലയ്ക്ക് ലീഡെന്ന് സർവേ സൂചിപ്പിക്കുന്നു.
ആഗസ്റ്റ് അവസാനം മുതൽ കമലയ്ക്കായിരുന്നു സർവേയിൽ മുൻതൂക്കം. കമലയ്ക്ക് 54 - 56 ശതമാനം സാദ്ധ്യത പ്രവചിച്ചപ്പോൾ 44 - 46 ശതമാനത്തിലേക്ക് ട്രംപിന്റെ സാദ്ധ്യത താണിരുന്നു. എന്നാൽ, ഈ മാസം തുടക്കം മുതൽ ഇരുവരും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. നവംബർ 5നാണ് തിരഞ്ഞെടുപ്പ്.