
ജമ്മു: ജമ്മു കാശ്മീരിലെ ഗന്ദർബാൽ ജില്ലയിൽ ഡോക്ടറും നിർമ്മാണത്തൊഴിലാളികളും ഉൾപ്പെടെ ഏഴുപേരെ പാക് ഭീകരർ വധിച്ചതിൽ വ്യാപക പ്രതിഷേധം. ജമ്മു കാശ്മീർ ശിവസേന അദ്ധ്യക്ഷൻ മനീഷ് സാഹ്നിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ കോലം കത്തിച്ചു, ഭീകരരുടെ ഒളിത്താവളങ്ങൾക്കും അതിർത്തിക്കപ്പുറമുള്ള ലോഞ്ച് പാഡുകൾക്കുമെതിരെ ശക്തമായ സൈനിക നടപടിയും ആവശ്യപ്പെട്ടു. ഭീകരരുടെ ഒളിത്താവളങ്ങളിൽ സർജിക്കൽ സ്ട്രൈക്ക് തന്നെ വേണം. ജമ്മു കാശ്മീരിലെ ഭീകരാക്രമണ, കൊലപാതക പരമ്പരകൾ അവസാനിപ്പിച്ചേ തീരൂവെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന അക്രമണം ആശങ്കാജനകമാണെന്ന് ശിവനേസ ദോഗ്ര ഫ്രണ്ട് പ്രസിഡന്റ് അശോക് ഗുപ്ത പറഞ്ഞു.
ഞായറാഴ്ച് വൈകിട്ടാണ് ശ്രീനഗർ – ലേ തുരങ്കപ്പാത നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നവർക്ക് നേരെ ഭീകരാക്രമണം ഉണ്ടായത്. ഒട്ടേറെപ്പേർക്ക് പരിക്കുമേറ്റിരുന്നു. പലരുടെയും നില ഗുരുതരമാണ്.
ധനസഹായം പ്രഖ്യാപിച്ച് ബീഹാർ
ഭീകരാക്രമണത്തിൽ കൊല്ലപ്പെച്ച ബിഹാറിൽ നിന്നള്ള മൂന്ന് തൊഴിലാളികളുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി നിതീഷ്‌കുമാർ രണ്ട് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചു. കൂടാതെ തൊഴിൽ സാമൂഹിക ക്ഷേമ വകുപ്പുകളിൽ നിന്ന് മറ്റാനുകൂല്യങ്ങളും നൽകും. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ നടത്താൻ ന്യൂഡൽഹിയിലെ ബീഹാർ റസിഡന്റ് കമ്മിഷണറോടും നിർദ്ദേശിച്ചു.