pic

ടെൽ അവീവ്: ഇസ്രയേലിന്റെ വധശ്രമം ഭയന്ന് ഹിസ്ബുള്ളയുടെ ഇടക്കാല മേധാവി നയീം കാസിം ഇറാനിലേക്ക് കടന്നതായി റിപ്പോർട്ട്. ഹിസ്ബുള്ള തലവനായിരുന്ന ഹസൻ നസ്രള്ളയെ ഇസ്രയേൽ കഴിഞ്ഞ മാസം വധിച്ചതിന് പിന്നാലെയാണ് ഡെപ്യൂട്ടി സെക്രട്ടറി ജനറലായ കാസിമിന് ചുമതല ലഭിച്ചത്.

ഒരാഴ്ച മുമ്പ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘാച്ചിയ്ക്കൊപ്പമാണ് കാസിം ഇറാനിലേക്ക് പോയതെന്ന് അറബ് മാദ്ധ്യമങ്ങൾ പറയുന്നു. അതേ സമയം, ലെബനനിൽ ഹിസ്ബുള്ളയ്ക്ക് ധനസഹായം നൽകുന്ന അൽ-ഖാർദ് അൽ-ഹസൻ ബാങ്കിന്റെ വിവിധ ശാഖകൾ ഇസ്രയേൽ തകർത്തു. 2007 മുതൽ യു.എസിന്റെ ഉപരോധം നേരിടുന്ന ബാങ്കാണിത്. ബെയ്റൂട്ട് വിമാനത്താവളത്തിന് സമീപം രണ്ടിടങ്ങളിൽ ഇസ്രയേൽ ബോംബിട്ടു. അതേ സമയം ഗാസയിൽ ഇന്നലെ 41 പേർ കൂടി കൊല്ലപ്പെട്ടു. മരണം 42,650 കടന്നു.

ഇസ്രയേൽ-ഹിസ്ബുള്ള സംഘർഷം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ചർച്ചകൾക്കായി യു.എസിന്റെ മിഡിൽ ഈസ്റ്റ് പ്രതിനിധി ഇന്നലെ ബെയ്റൂട്ടിലെത്തി.

പുതിയ നേതാവ് ആരെന്ന്

ഹമാസ് പുറത്തുവിടില്ല

ഇസ്രയേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ പുതിയ തലവനെ രഹസ്യമാക്കി വയ്ക്കാൻ തീരുമാനിച്ച് ഹമാസ്. ഹമാസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഒരു ബ്രിട്ടീഷ് മാദ്ധ്യമമാണ് വാർത്ത പുറത്തുവിട്ടത്. അടുത്ത വർഷം മാർച്ചിൽ പുതിയ നേതാവിനെ തിരഞ്ഞെടുക്കും. അതുവരെ ആക്ടിംഗ് മേധാവി ഖലീദ് മഷാൽ അടക്കം അഞ്ച് പേരടങ്ങുന്ന കമ്മിറ്റിക്കായിരിക്കും നിയന്ത്രണം.