
ന്യൂഡല്‍ഹി: 140 കോടി പിന്നിട്ട് മുന്നേറുകയാണ് ഇന്ത്യയുടെ ജനസംഖ്യ. എന്നാല്‍ ഇതില്‍ നല്ലൊരു പങ്കും ദാരിദ്ര്യത്തില്‍ കഴിയുന്നവരാണ്. ദാരിദ്ര്യം കുറയ്ക്കാന്‍ സര്‍ക്കാര്‍ പല പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. ഇന്ത്യയില്‍ ദരിദ്രര്‍ നിരവധിയാണെങ്കിലും കോടീശ്വരന്‍മാരുടെ എണ്ണവും ഒപ്പം തന്നെ നികുതി ഒടുക്കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചുവരികയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ പത്ത് സാമ്പത്തിക വര്‍ഷങ്ങള്‍ക്കിടയിലെ വ്യത്യാസം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.
201314 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ മൊത്തം കോടിപതികളുടെ എണ്ണം 44,078 ആയിരുന്നു. എന്നാല്‍ 2023-24 ല്‍ ഇത് 2.3 ലക്ഷമായാണ് വര്‍ദ്ധിച്ചിരിക്കുന്നത്. പൗരന്മാരുടെ ഉയര്‍ന്ന വരുമാനമാണ് ഈ കണക്കുകള്‍ പ്രതിഫലിപ്പിക്കുന്നത്. കൂടാതെ വ്യക്തികള്‍ മികച്ച രീതിയില്‍ നികുതി അടയ്ക്കുന്ന പ്രക്രിയയില്‍ ഭാഗമാകുന്നതിന്റെ സൂചന കൂടിയായി ഈ വര്‍ദ്ധനയെ കാണാവുന്നതാണെന്നും സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
2013-14 സാമ്പത്തിക വര്‍ഷത്തില്‍ 3.3 കോടി വ്യക്തികളാണ് രാജ്യത്ത് നികുതി സമര്‍പ്പിച്ചത് എങ്കില്‍, കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7.5 കോടിയിലധികം പേരാണ് നികുതി നല്‍കിയതെന്നും ആദായ നികുതി വകുപ്പിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്നു. രാജ്യത്ത് ഉയര്‍ന്ന ശമ്പളം കൈപ്പറ്റുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുന്നുവെന്ന് വേണം ഈ കണക്കുകളില്‍ നിന്ന് മനസ്സിലാക്കാന്‍. ഇന്ത്യയില്‍ കോടീശ്വരന്‍മാര്‍ താമസിക്കുന്ന നഗരങ്ങളുടെ എണ്ണവും ഉയര്‍ന്നിട്ടുണ്ട് എന്നത് കൂടുതല്‍ സ്ഥലങ്ങളിലേക്ക് ധനം വിനിയോഗിക്കപ്പെടുന്നതിന്റെ സൂചനയായും കാണാന്‍ കഴിയും.